LiveTV

Live

National

പട്ടേല്‍ പ്രതിമ കാണാന്‍ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവെ

182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

പട്ടേല്‍ പ്രതിമ കാണാന്‍ ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവെ

ഗുജറാത്തില്‍ മൂവായിരം കോടി മുടക്കി നിര്‍മ്മിച്ച സർദാർ വല്ലഭായ് പട്ടേല്‍ പ്രതിമ കാണാന്‍ ഇന്ത്യൻ റെയിൽവേയുടെ ടൂർ പാക്കേജ്. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനുള്ള ആദരമായാണ് പാക്കേജ് അവതരിപ്പിച്ചതെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. മാർച്ച് നാല് മുതലാണ് പാക്കേജ് ആരംഭിക്കുക.

റെയിൽവേയുടെ ഭാരത് ദർശൻ ടൂർ പാക്കേജിന് കീഴിലായിരിക്കും പ്രതിമ സന്ദര്‍ശനം. മറ്റു തീര്‍ത്ഥാടന സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഏഴ് രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന പാക്കേജാണ് റെയിൽവേ മുന്നോട്ടുവെക്കുന്നത്. 7560 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. തീർഥാടന സ്ഥലങ്ങളായ ഉജ്ജയിനിലെ മഹാകലേശ്വർ ജ്യോതിർലിംഗ, ഇൻഡോറിലെ ഓംകരേശ്വർ ജ്യോതിർലിംഗ, ഷിർദി സായിബാബ ദർശൻ, നാസിക്കിലെ തൃംബകേശ്വർ, ഔറംഗബാദിലെ ഗിരിനേശ്വർ ജ്യോതിർലിംഗ എന്നീ സ്ഥലങ്ങളാണ് പാക്കേജിൽ ഉൾപ്പെടുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ.

റെയിൽവേയുടെ കാറ്ററിങ് ആൻഡ് ടൂറിസം ഡിപ്പാർട്ട്മെൻറായിരിക്കും പാക്കേജ് നടപ്പിലാക്കുക. പട്ടേൽ പ്രതിമ ഉദ്ഘാടനം ചെയ്ത് അഞ്ച് മാസം കഴിയുമ്പോഴാണ് ടൂർ പാക്കേജുമായി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 143 ആമത് ജന്‍മശതാബ്ദി ദിനത്തിലായിരുന്നു ഒരുമയുടെ പ്രതീകമായി പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.