LiveTV

Live

National

ഡല്‍ഹിയുടെ പൂര്‍ണ്ണ സംസ്ഥാന പദവി വിഷയം സജീവ ചര്‍ച്ചയാക്കാനുറച്ച് എ.എ.പി

മാര്‍ച്ച് ഒന്ന് മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. 

ഡല്‍ഹിയുടെ പൂര്‍ണ്ണ സംസ്ഥാന പദവി വിഷയം സജീവ ചര്‍ച്ചയാക്കാനുറച്ച് എ.എ.പി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയുടെ പൂര്‍ണ്ണ സംസ്ഥാന പദവി വിഷയം സജീവ ചര്‍ച്ചയാക്കാന്‍ ഉറച്ച് ആം ആദ്മി പാര്‍ട്ടി. മാര്‍ച്ച് ഒന്ന് മുതല്‍ നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു. പൂര്‍ണ്ണസംസ്ഥാന പദവിയില്‍ തീരുമാനമാകുന്നത് വരെ സത്യഗ്രഹത്തില്‍ നിന്ന് പിന്‍മാറില്ലെന്നും കേജ്‍രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാരിന് സുപ്രിം കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിക്ക് പിന്നാലെയാണ് കേജ്‍രിവാളിന്റെ സമരം പ്രഖ്യാപനം. ഡല്‍ഹിയുടെ പൂര്‍ണ്ണ സംസ്ഥാന പദവിക്കായി മരണംവരെ നിരാഹാരം ഇരിക്കാന്‍ തയ്യാറാണെന്ന് കേജ്‍രിവാള്‍ നിയമസഭയില്‍ പറഞ്ഞു. ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലും എ.എ.പിക്ക് ജയിക്കാനായാല്‍ രണ്ട് വര്‍ഷം കൊണ്ട് ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നേടിയെടുക്കുമെന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ പ്രസംഗത്തില്‍ കേജ്‍രിവാള്‍ പറഞ്ഞിരുന്നു. പൂര്‍ണ്ണ സംസ്ഥാന പദവി ലോക്സഭ തെരഞ്ഞെടുപ്പില്‍ സജീവ വിഷയമായി ഉയര്‍ത്തിക്കാട്ടി സഖ്യത്തിന് വിസമ്മതിക്കുന്ന കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പ്രതിരോധത്തിലാക്കുക തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം.

കേന്ദ്രസര്‍ക്കാര്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ ഉപയോഗിച്ച് ഡല്‍ഹി സര്‍ക്കാരിനെ നിയന്ത്രിക്കുകയാണെന്ന നേരത്തെ മുതലുള്ള ആരോപണവും ഇത് വഴി എ.എ.പി ഉയര്‍ത്തും. ഇക്കാര്യത്തില്‍ മുന്‍പ് ലെഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരവുമായി കേജ്‍രിവാളും മന്ത്രിമാരും എത്തിയിരുന്നു.