LiveTV

Live

National

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് കസ്റ്റഡിയില്‍

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി.

കശ്മീര്‍ വിഘടനവാദി നേതാവ് യാസിന്‍ മാലിക് കസ്റ്റഡിയില്‍

ജമ്മു കശ്മീരില്‍ വിഘടനവാദി നേതാക്കള്‍ക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം. യാസീന്‍ മാലികിനെയും കശ്മീര്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളെയും ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡെോണള്‍ഡ് ട്രംപ് പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് ജമ്മു കശ്മീര്‍ പൊലീസ് വിഘടനവാദി നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. വിഘടനവാദിയായ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലികിനെ ഇന്നലെ രാത്രി താമസസ്ഥലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ വിവിധ നേതാക്കളെയും പൊലീസ് ഇന്നലെ രാത്രി‍യോടെ പിടികൂടി. നേരത്തെ വിഘടനവാദി നേതാക്കള്‍ക്കുള്ള സുരക്ഷ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും കശ്മീരില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ സൈനിക വിന്യാസം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സൈനിക വിഭാഗത്തിലെ നൂറിലധികം കമ്പനി സൈനികരെ ഇനിയും വിന്യസിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനിനെതിരെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. പാകിസ്താനുള്ള ധനസഹായം നിര്‍ത്തിവെച്ചെന്നും പാക് - ഇന്ത്യ പ്രശ്നത്തില്‍ അമേരിക്ക ഇടപെടുമെന്നും ട്രംപ് പറഞ്ഞു. ഇതോടെ പാകിസ്താനെതിരായ അന്തര്‍ദേശീയ സമ്മര്‍ദം കൂടുതല്‍ ശക്തമായിരിക്കുകയാണ്.