LiveTV

Live

National

ബന്ദിപ്പൂരിലെ കാട്ടുതീ നിയന്ത്രണവിധേയം; ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു

വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരുമെന്ന ആശങ്ക വേണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

ബന്ദിപ്പൂരിലെ കാട്ടുതീ നിയന്ത്രണവിധേയം; ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു

കർണാടക ബന്ദിപ്പൂർ വനമേഖലയിൽ ഇന്നലെ മുതല്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയം. ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങൾക്ക് പ്രതിസന്ധിയുണ്ടാക്കിയിരുന്നു .വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീ പടരുമെന്ന ആശങ്ക വേണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കർണ്ണാടക വനമേഖലയിലെ ബന്ദിപൂർ കടുവാസങ്കേതത്തിൽ കാട്ടു തീ പടരാൻ തുടങ്ങിയത്. ഗോപാൽസാമി ബെട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഹള്ളി ഭാഗത്തേക്കും മേൽക്കമ്മനഹള്ളിയിലേക്കും തീ പടർന്നു.

ഉച്ച നേരത്തെ ശക്തമായ കാറ്റിൽ തീ അതിവേഗം ഉൾവനങ്ങളിലേക്ക് പടരുകയായിരുന്നു. മണിക്കൂറുകൾക്കിടയിൽ ബന്ദിപ്പൂർ വനമേഖലയിൽ 1000 ത്തോളം ഹെക്ടർ കാടാണ് തീ വിഴുങ്ങിയത്. വനം വകുപ്പുദ്യോഗസ്ഥരും അഗ്നിശമന സേനയും ചേർന്ന് രാത്രിയിലും തുടർന്ന ശ്രമങ്ങൾക്കൊടിവിലാണ് തീ നിയന്ത്രിക്കാനായത്. തമിഴ്‍നാട് മുതുമല മേഖലയിലും നേരത്തെ തീ പിടിച്ചിരുന്നെങ്കിലും നിയന്ത്രണ വിധേയമാക്കി .മൈസൂർ ഊട്ടി ദേശീയപാതയിൽ തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ബന്ദിപ്പൂരിനോട് ചേർന്ന വയനാട് വന്യജീവി സങ്കേതവും ജാഗ്രതയിലായിരുന്നു .വയനാട്ടിലേക്ക് തീ പടരാതെ നിർത്താൻ വനപാലകർക്കായി . എന്നാൽ ബന്ദിപ്പൂർ, മുതുമലൈ, മുത്തങ്ങ വനമേഖലകൾ ചേർന്നു നിൽക്കുന്നതിനാൽ ജാഗ്രത തുടരേണ്ടി വരും.