‘കശ്മീരിലേക്ക് തിരിച്ചയക്കണം’ ജമ്മുവില്‍ നിന്നുള്ള മാധ്യമപ്രവര്ത്തകന് നേരെയും ആക്രമണം
ആക്രമണത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്ത്തകന് പൂനെയില്‍ മര്‍ദ്ദനം. പൂനെയില്‍ മാധ്യമപ്രവര്‍ത്തകനായ ജിബ്രാന് നാസിറിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. പുല്‍വാമ ആക്രമണത്തിന് ശേഷം കാശ്മീരികള്‍ക്ക് നേരെ തുടര്‍ച്ചയായി അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
വ്യാഴാഴ്ച രാത്രിയോടെ ട്രാഫിക് സിഗ്നലില്‍ വെച്ചാണ് 24കാരനായ നാസിറിന് നേരെ ആക്രമണം നടന്നത്. കശ്മീരിലേക്ക് തിരിച്ചയക്കണമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്ന് നാസിര്‍ പറഞ്ഞു. പെട്ടെന്നുണ്ടായ ആക്രമണമാണെന്നും, നേരത്തെ ആസൂത്രണം ചെയ്തതല്ലെന്നും നാസിര്‍ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ വെച്ച് അക്രമികള്‍ തന്നോട് മാപ്പ് പറഞ്ഞതായും നാസിര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പുല്‍വാമ ആക്രമണത്തെ തുടര്‍ന്നുണ്ടായ അക്രമമല്ല ഇതെന്നാണ് പൊലീസിന്റെ വിശദീകരണം.
പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീര്‍ സ്വദേശികള്‍ക്ക് നേരെ അതിക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഡെറാഡൂണില്‍ ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന സ്ഥലത്ത് ബജ്രംഗ്ദള്, വി.എച്ച്.പി പ്രവര്‍ത്തകര്‍ ഭീഷണിയുമായി എത്തിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതൊയാവുകയായിരുന്നു.
സമാന സാഹചര്യമാണ് ഹരിയാനയിലും ബീഹാറിലും ഉണ്ടായത്. വാടകക്ക് താമസിക്കുന്ന വീടുകളില്‍ നിന്ന് മാറണമെന്ന് പലരോടും ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് കശ്മീര്‍ സ്വദേശികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.