LiveTV

Live

National

ബംഗളൂരുവില്‍ എയർ ഷോ നടക്കുന്ന ഗ്രൗണ്ടിന് സമീപം വൻ അഗ്നിബാധ; 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു

അഗ്നിശമന സേനയുടെ 33 വാഹനങ്ങള്‍ മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.

 ബംഗളൂരുവില്‍ എയർ ഷോ നടക്കുന്ന ഗ്രൗണ്ടിന് സമീപം വൻ അഗ്നിബാധ; 300ലേറെ വാഹനങ്ങള്‍ കത്തിനശിച്ചു

ബംഗളൂരു യെലഹങ്കയില്‍ നടക്കുന്ന എയര്‍ ഷോയുടെ പാര്‍ക്കിങ് ഗ്രൌണ്ടില്‍ വന്‍ അഗ്നിബാധ. അഞ്ചാം ഗെയ്റ്റിന് സമീപത്തായാണ് തീ പടര്‍ന്നത്. പാര്‍ക്കിങ് ഗ്രൌണ്ടിലുണ്ടായിരുന്ന 300ല്‍ അധികം വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്നിശമന സേനയുടെ 33 വാഹനങ്ങള്‍ മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. മൂന്ന് മണിക്കൂറോളം നിര്‍ത്തിവച്ച എയര്‍ ഷോ, തീ പൂര്‍ണമായും അണച്ചതിന് ശേഷം പുനരാരംഭിച്ചു.

ഉച്ചയ്ക്ക് 12.20 ഓടെയാണ് പാര്‍ക്കിങ് ഗ്രൌണ്ടില്‍ തീ പടര്‍ന്നത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ്, ആളുകളെ വേഗത്തില്‍ മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. അവധി ദിനമായതിനാല്‍ എയര്‍ ഷോ കാണുന്നതിനായി നിരവധി പേര്‍ യെലഹങ്കയില്‍ എത്തിയിരുന്നു. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തില്‍ അധികം വാഹനങ്ങള്‍ ഈ സമയം ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ടിരുന്നു. ഇവിടെയുണ്ടായ ശക്തമായ കാറ്റ്, തീ മറ്റ് വാഹനങ്ങളിലേയ്ക്ക് വേഗത്തില്‍ പടരാന്‍ കാരണമായി. ഇടയിലുള്ള വാഹനങ്ങള്‍ പൊലീസ് മാറ്റിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല.

ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. തീപിടിത്തം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി എം.ബി പാട്ടില്‍ പറഞ്ഞു. അപകടത്തിന്റെ കാരണം ഇനിയും കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ ആന്‍ഡ് റസ്ക്യൂ ഡി.ജി.പി എം.എന്‍ റെഡ്ഡി, എ.ഡി.ജി.പി സുനില്‍ അഗര്‍വാള്‍ എന്നിവര്‍ അറിയിച്ചു. ഉണങ്ങിയ പുല്ല് ധാരാളമുള്ള പ്രദേശമായതിനാല്‍ സിഗരറ്റ് കുറ്റിയില്‍ നിന്നോ മറ്റോ ആകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. വാഹനങ്ങള്‍ നഷ്ടപ്പെട്ടവരുടെ കണക്കുകള്‍ ശേഖരിച്ച് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടു.