LiveTV

Live

National

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍

ചൈനയുള്‍പ്പെടെ 15 രാജ്യങ്ങള്‍ അംഗീകരിച്ചാണ് സുരക്ഷാ കൗണ്‍സില്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കിയത്.

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍

പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും സഹായം ഒരുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രസ്താവനയില്‍ പറയുന്നു. ചൈനയുള്‍പ്പെടെ 15 രാജ്യങ്ങള്‍ അംഗീകരിച്ചാണ് സുരക്ഷാ കൗണ്‍സില്‍ ഭീകരാക്രമണത്തെ അപലപിച്ച് പ്രസ്താവനയിറക്കിയത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞാണ് യു.എന്‍ പ്രസ്താവന. ഭീരുക്കളുടെ ഹീനമായ കൃത്യമെന്നാണ് യു.എന്‍ പ്രസ്താവനയില്‍ പറയുന്നത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ലോകരാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ലോകസമാധാനത്തിന് ഭീഷണിയായി നില്‍ക്കുന്നത് ഭീകരവാദമാണ്. എന്തിന്റെ പേരിലായാലും, ആര് നടത്തിയാലും, ലോകത്തെവിടെയായാലും ഭീകരാക്രമണം ഒരിക്കലും നീതികരിക്കാനാവുന്നതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 2009ലും 2016ലും ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചിരുന്നെങ്കിലും ചൈന വീറ്റോ ചെയ്തിരുന്നു.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളും ഇന്ത്യക്കൊപ്പം ഈ ആവശ്യം ഉന്നയിച്ചിരുന്നു. 2017ലും ഈ മൂന്ന് രാജ്യങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അന്നും ചൈന വീറ്റോ ചെയ്തു. അസ്ഹറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഫ്രാന്‍സ് ഒരിക്കല്‍ കൂടി സുരക്ഷാ കൗണ്‍സിലില്‍ ഉന്നയിച്ചേക്കും.