LiveTV

Live

National

സോള്‍ സമാധാന പുരസ്കാരം നരേന്ദ്ര മോദി ഏറ്റുവാങ്ങി

നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെയും നോട്ടുനിരോധനത്തെയും പുരസ്കാര പ്രഖ്യാപന വേളയില്‍ സമിതി പ്രശംസിച്ചിരുന്നു.

സോള്‍ സമാധാന പുരസ്കാരം നരേന്ദ്ര മോദി ഏറ്റുവാങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദി 2018 ലെ സോള്‍ സമാധാന പുരസ്‌കാരം ദക്ഷിണ കൊറിയയില്‍ വെച്ച് ഏറ്റുവാങ്ങി. ഒന്നരക്കോടി രൂപ (രണ്ടുലക്ഷം ഡോളറും)യും ഫലകവുമാണ് പുരസ്‌കാരം. കഴിഞ്ഞ കൊല്ലം ഒക്ടോബറിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. പുരസ്കാരത്തുക ഗംഗാ ശുചീകരണത്തിനായി പ്രവർത്തിക്കുന്ന നവാമി ഗഞ്ച് ഫണ്ടിലേക്ക് സംഭാവന നല്‍കുകയാണെന്ന് മോദി പ്രഖ്യാപിച്ചു.

രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളർച്ചയ്ക്കും മോദി നൽകിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്കാരം. നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങളെയും നോട്ടുനിരോധനത്തെയും പുരസ്കാര പ്രഖ്യാപന വേളയില്‍ സമിതി പ്രശംസിച്ചിരുന്നു.

ഈ പുരസ്കാരം തന്റെ വ്യക്തിത്വത്തിനല്ല, അഞ്ചു വർഷത്തെ ഇന്ത്യയുടെ നേട്ടങ്ങൾക്കും വിജയത്തിനുമാണ്. അതിനായി പ്രവർത്തിച്ച ഇന്ത്യയിലെ 130 കോടി ജനങ്ങൾക്കാണ് താന്‍ ഈ പുരസ്കാരം സമർപ്പിക്കുന്നതെന്നും മോദി പറഞ്ഞു. ജനങ്ങള്‍ നല്‍കിയ സ്‌നേഹവും പ്രോത്സാഹനവുമാണ് തന്റെ പ്രേരക ശക്തിയെന്നും അതിന്റെ പിന്‍ബലത്തിലാണ് തനിക്ക് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്നും മോദി കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ 150-ാം പിറന്നാളാഘോഷിക്കുന്ന വര്‍ഷത്തില്‍ പുരസ്‌കാര സമ്മാനിതനായതില്‍ അതീവ സന്തുഷ്ടനാണെന്നും മോദി പറഞ്ഞു.

തീവ്രവാദം ആഗോളവത്കരിക്കപ്പെട്ടുവെന്നും അതാണ് ലോകസമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയെന്നും പുൽവാമ ഭീകരാക്രമണം പരാമർശിച്ചുകൊണ്ട് മോദി പറഞ്ഞു. കൊറിയയെ പോലെ ഇന്ത്യക്കും അതിർത്തി കടന്നുള്ള ആക്രമണങ്ങളെ നേരിടേണ്ടിവരുന്നു. 40 വർഷമായി രാജ്യം അതിന്റെ ഇരയാണ്. സമാധാനത്തിലൂടെ വികസനം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ തീവ്രവാദ പ്രവർത്തനങ്ങൾ തകിടം മറിക്കുകയാണെന്നും പുരസ്കാര ചടങ്ങിൽ പ്രധാനമന്ത്രി പറഞ്ഞു.

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ നരേന്ദ്രമോദിക്ക് ഗംഭീര വരവേല്‍പാണ് നല്‍കിയത് ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി മൂണ്‍ ജെ ഇന്നുമായി വിവിധ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തി. ദക്ഷിണ കൊറിയയുമായി ഇന്ത്യയുടെ വ്യാപാരബന്ധം കൂടുതല്‍ ശക്തമായതായും മോദി മാധ്യമങ്ങളോട് പ്രതികരിച്ചു.

സോള്‍ സമാധാന പുരസ്‌കാരം ലഭിക്കുന്ന പതിനാലാമത്തെ ലോക നേതാവാണ് നരേന്ദ്രമോദി. മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ജര്‍മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍ തുടങ്ങിയവര്‍ പുരസ്‌കാരം ലഭിച്ചവരില്‍ പെടുന്നു. പുരസ്‌കാര ചടങ്ങില്‍ നരേന്ദ്രമോദിയുടെ ജീവിതത്തിലെ ഏടുകള്‍ ചേര്‍ത്തുള്ള ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു.