LiveTV

Live

National

ജമ്മു കശ്മീരിലേക്കുള്ള സുരക്ഷാസേനയുടെ യാത്ര വ്യോമമാര്‍ഗമാക്കും

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ജമ്മു കശ്മീരിലേക്കുള്ള സുരക്ഷാസേനയുടെ യാത്ര വ്യോമമാര്‍ഗമാക്കും

സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള മുഴുവന്‍ സുരക്ഷാസേനയുടെയും ജമ്മു കശ്മീരിലേക്കും തിരിച്ചുമുള്ള യാത്ര വ്യോമമാര്‍ഗമാക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് ഉത്തരവ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പുതിയ ഉത്തരവ് അനുസരിച്ച് ഏഴ് ലക്ഷത്തി എണ്‍പതിനായിരം ജവാന്‍മാര്‍ക്ക് ഈ സൌകര്യം ഉപയോഗപ്പെടുത്താനാകും.

ഇതോടെ സൈനികരുടെ ഡ‍ല്‍ഹി - ശ്രീനഗര്‍, ശ്രീനഗര്‍- ഡല്‍ഹി, ജമ്മു - ശ്രീനഗര്‍, ശ്രീനഗര്‍ - ജമ്മു യാത്രകള്‍ വിമാനത്തിലാവും. കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍, അസിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരത്തെ ഈ സൌകര്യം ലഭ്യമായിരുന്നില്ല. പുതിയ തീരുമാനത്തോടെ ഈ സൌകര്യം മുഴുവന്‍ സുരക്ഷാസേനയ്ക്കും ലഭിക്കും. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുമ്പോഴും ലീവില്‍ തിരികെ പോകുമ്പോഴും യാത്ര വിമാനത്തിലാവും.

റോഡ് മാര്‍ഗം പോകുമ്പോഴാണ് പുല്‍വാമയില്‍ വെച്ച് ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനം. പുതിയ മാറ്റം വഴി യാത്രാസമയം ലാഭിക്കാനാകുമെന്ന് ഉത്തരവില്‍ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. വ്യോമയാത്രക്കായി ആവശ്യമെങ്കില്‍ വ്യോമസേനയുടെ സഹായം തേടാനും തീരുമാനിച്ചു.