LiveTV

Live

National

‘’ഇ.വി.എമ്മിന് മുമ്പ് കോൺഗ്രസ് ബൂത്ത് പിടിക്കാറുണ്ടായിരുന്നു’’: കോൺഗ്രസിനെ വെട്ടിലാക്കി ദർഭംഗ എം.പി കീർത്തി ആസാദ്

ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായിരുന്ന കീർത്തി ആസാദ് ഫെബ്രുവരി 18 നാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

‘’ഇ.വി.എമ്മിന് മുമ്പ് കോൺഗ്രസ് ബൂത്ത് പിടിക്കാറുണ്ടായിരുന്നു’’: കോൺഗ്രസിനെ വെട്ടിലാക്കി ദർഭംഗ എം.പി കീർത്തി ആസാദ്

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവെ ബീഹാറിൽ കോൺഗ്രസിനെ വെട്ടിലാക്കി ദർഭംഗ എം.പി കീർത്തി ആസാദിന്റെ പരാമർശം. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ബൂത്ത് പിടിക്കുന്നത് ബീഹാറിൽ സർവ സാധാരണമാണ്. ഇ.വി.എമ്മിനു മുമ്പ് നിരവധി കോൺഗ്രസ് നേതാക്കൾ ഇതിന്റെ ഗുണഭോക്താക്കളായിട്ടുണ്ടെന്നുമായിരുന്നു കീർത്തി ആസാദിന്റെ പരാമർശം.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇ.വി.എമ്മിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായില്ലേ എന്നായിരുന്നു ബി.ജെ.പി വക്താവ് സംബിത് പത്രയുടെ മറുപടി. ബി.ജെ.പി എം.പിയും ക്രിക്കറ്റ് താരവുമായിരുന്ന കീർത്തി ആസാദ് ഫെബ്രുവരി 18 നാണ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Also read: ബി.ജെ.പി വിമതനേതാവ് കീര്‍ത്തി ആസാദ് എം.പി കോണ്‍ഗ്രസിലേക്ക്

ഇതിന് ശേഷം സംസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു കോൺഗ്രസിന് തിരിച്ചടി നൽകുന്ന കീർത്തി ആസാദിന്റെ പരാമർശം. ബീഹാറിൽ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുക്കുന്നത് സർവ സാധാരണമാണ്. അതിന്റെ ഗുണം നിരവധി കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് നാഗേന്ദ്രയ്ക്കുവേണ്ടി പോളിങ് ബൂത്തുകള്‍ സ്ഥിരമായി പിടിച്ചെടുക്കാറുണ്ടായിരുന്നു. പിതാവ് ഭഗത് ഝാ ആസാദിന് വേണ്ടിയും ബൂത്ത് പിടിച്ചെടുത്തിരുന്നു. 1999ല്‍ എനിക്കുവേണ്ടിയും ബൂത്ത് പിടിച്ചിട്ടുണ്ട്. ഇ.വി.എം കൊണ്ടുവന്നിരുന്നതിന് മുമ്പായിരുന്നു ഇതെന്നും കീർത്തി ആസാദ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് വോട്ടിംഗ് യന്ത്രത്തെ എതിർക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലായി കാണുമല്ലോ എന്നായിരുന്നു പ്രസ്താവനയോട് ബി.ജെ.പിയുടെ മറുപടി. 1980കളില്‍ ബീഹാര്‍ മുഖ്യമന്ത്രിയായിരുന്നു കീര്‍ത്തിയുടെ പിതാവ് ഭഗത് ഝാ ആസാദ്. ഒരു ദശാബ്ദമായി ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച കീര്‍ത്തി 2015 ല്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്‌ക്കെതിരെ ഡി.ഡി.സി.എ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.