LiveTV

Live

National

2024 വരെ പ്രധാനമന്ത്രി പദം ബുക്ക് ചെയ്ത് വെച്ചിരിക്കുകയാണ് മോദിയെന്ന് ഫട്നാവിസ്

സംസ്ഥനത്തെ ബി.ജെ.പി-ശിവസേന പ്രവർത്തകർ തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാദം ഫട്നാവിസ് തള്ളി

2024 വരെ പ്രധാനമന്ത്രി പദം ബുക്ക് ചെയ്ത് വെച്ചിരിക്കുകയാണ് മോദിയെന്ന് ഫട്നാവിസ്

വരാനിരിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകൾ വരെ പ്രധാനമന്ത്രി പദത്തെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ടെന്നും, അത് മോദി ബുക്ക് ചെയ്തു വെച്ചിരിക്കുകയാണെന്നും മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. ഒരു അവാർഡ് നിശക്കിടെ, അടുത്ത പ്രധാനമന്ത്രിയായി ആര് വരും എന്ന നടൻ റിതേഷ് ദേശ്മുഖിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫട്നാവിസ്.

ശരത് പവാറും നിതിൻ ഗ‍ഡ്കരിയും സന്നിഹിതരായിരുന്ന വേദിയിൽ, അടുത്ത പ്രധാനമന്ത്രിയായി ഏത് മഹാരാഷ്ട്രക്കാരൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു റിതേഷ് ദേശ്മുഖ് ചോദിച്ചത്. പ്രധാനമന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കേ ഇപ്പോൾ പ്രസക്തതിയില്ലെന്നായിരുന്നു അതിനുള്ള ഫട്നാവിസിന്റെ പ്രതികരണം. ഈ തെരഞ്ഞെടുപ്പിൽ മാത്രമല്ല, 2024 വരെ അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും, അതുവരേക്കും പ്രധാനമന്ത്രി പദം മോദി ജീ ബുക്ക് ചെയ്ത് വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥനത്തെ ബി.ജെ.പി-ശിവസേന പ്രവർത്തകർ തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാദം ഫട്നാവിസ് തള്ളി. ബി.ജെ.പിയും ശിവസേനയും അടുത്ത സുഹൃത്തുക്കളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേനയും ബി.ജെ.പിയും തുല്യ സീറ്റിൽ വിജയിച്ചാൽ ആര് മുഖ്യമന്ത്രിയാകും എന്ന ചോദ്യത്തിന്, അതൊന്നും ഈ അവസരത്തിൽ പറയാവുന്ന കാര്യമല്ലെന്നായിരുന്നു ഫട്നാവിസ് പറഞ്ഞത്.

വരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും ശിവസേന തലവൻ ഉദ്ധവ് താക്കറേയും തമ്മിൽ സീറ്റ് ധാരണയായിരുന്നു. ആകെയുള്ള 48 ലോക്സഭാ സീറ്റുകളിൽ, ബി.ജെ.പി 25ലും, ശിവസേന 23 സീറ്റുകളിലും മത്സരിക്കും. കൂടാതെ അടുത്ത മഹാരാഷ്ട്രാ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തുല്യ സീറ്റുകളിൽ മത്സരിക്കാനും ധാരണയായിരുന്നു.