LiveTV

Live

National

മോദിയെ പ്രശംസിച്ച് ശത്രുഘ്നന്‍ സിന്‍ഹ; ഇനിയും മത്സരിപ്പിക്കില്ലെന്ന് ബി.ജെ.പിയുടെ മറുപടി

ശത്രുഘ്നൻ സിൻഹ ഒരു യു-ടേൺ നടത്തിയാലും അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് റായി പറഞ്ഞു

മോദിയെ പ്രശംസിച്ച് ശത്രുഘ്നന്‍ സിന്‍ഹ; ഇനിയും മത്സരിപ്പിക്കില്ലെന്ന് ബി.ജെ.പിയുടെ മറുപടി

ബി.ജെ.പി നിരയിലെ വിമത നേതാവും എം.പിയുമായ ശത്രുഘ്നൻ സിൻഹക്ക് പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് നൽകില്ലെന്ന് ബിഹാർ ബി.ജെ.പി അധ്യക്ഷൻ. പാർട്ടിയുടെ വിമർശകനായിരുന്ന ശത്രുഘ്നൻ സിൻഹയുടെ കാര്യത്തിൽ ഇനിയൊരു പുനരാലോചനക്ക് പാർട്ടിയില്ലെന്ന് അധ്യക്ഷൻ നിത്യാനന്ദ് റായി പറഞ്ഞു. എന്നാൽ മുൻ മുഖ്യമന്ത്രിയും, എച്ച്.എം.എസ് (എസ്) നേതാവുമായ ജിതൻ റാം മാഞ്ജി എൻ.ഡി.എയിൽ ചേരുന്നതിന് പാർട്ടി അനുകൂലമാണെന്ന് റായി പറഞ്ഞു.

കാലങ്ങളായി കേന്ദ്ര സർക്കാറിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും വിമർശനങ്ങൾ അഴിച്ചു വിട്ടിരുന്ന ബോളിവുഡ് താരം കൂടിയായ ശത്രുഘ്നൻ സിൻഹ, ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. പക്ഷേ കഴിഞ്ഞ ദിവസം, പാറ്റ്ന മെട്രോ റെയിലിന് തുടക്കം കുറിച്ച നരേന്ദ്ര മോദിയെ സിൻഹ അഭിനന്ദിച്ചിരുന്നു.

എന്നാൽ ശത്രുഘ്നൻ സിൻഹ ഇനി ഒരു യു-ടേൺ നടത്തിയാലും അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി തീരുമാനമെന്ന് റായി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റ് ബി.ജെ.പി നൽകുന്നത്, ജനങ്ങളോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത കണക്കിലെടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിതൻ റാം മാഞ്ജിയെ പാർട്ടി ബഹുമാനിക്കുന്നു. അദ്ദേഹം മുന്നണിയിലേക്ക് തിരിച്ചു വരികയാണങ്കിൽ‌ സ്വീകരിക്കാൻ തയ്യാറാണെന്നും ബി.ജെ.പി അധ്യക്ഷൻ പറഞ്ഞു. മാഞ്ജിക്ക് സീറ്റ് നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, അദ്ദേഹത്തിന് സീറ്റ് നൽകാതിരിക്കാൻ തങ്ങൾക്കാവില്ലെന്നും റായി പറഞ്ഞു.

നിലവിൽ ബിഹാറിലെ 17 വീതം ലോക്സഭാ സീറ്റുകൾ ജെ.ഡി (യു)വും ബി.ജെ.പിയും പങ്കിട്ടപ്പോൾ, ആറ് സീറ്റുകളിൽ എൽ.ജെ.പി മത്സരിക്കും. സീറ്റ് വിഭജനം എൻ.ഡി.എ സഖ്യങ്ങൾ തമ്മിലാണ് നടന്നിട്ടുള്ളതെന്നും, സഖ്യത്തിലേക്ക് പുറമെ നിന്ന് വരുന്നവർക്ക് അർഹമായി സ്ഥാനം അതനുസരിച്ച് നൽകുമെന്നും നിത്യാനന്ദ് റായി പറഞ്ഞു.