LiveTV

Live

National

ബാബരി കേസ് ഈ മാസം 26ന് പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുക

ബാബരി കേസ് ഈ മാസം 26ന് പരിഗണിക്കും

ബാബരി മസ്ജിദ് ഭൂമി തര്‍ക്ക കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്തിമവാദം എന്ന് മുതല്‍ കേള്‍ക്കുമെന്ന് കോടതി ചൊവ്വാഴ്ച പറയും.

പൊതുതെരഞ്ഞെടുപ്പ് അടുത്തതോടെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയണമെന്ന സമ്മര്‍ദം സംഘപരിവാര്‍ സംഘടനകള്‍ സര്‍ക്കാരിന് മേല്‍ ശക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ കൂടിയാണ് ചൊവ്വാഴ്ച സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് കേസ് പരിഗണിക്കുന്നത്. അന്തിമ വാദം കേട്ട് തുടങ്ങേണ്ട തിയ്യതി അന്ന് തീരുമാനിക്കും.

ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുന്‍പിലുള്ളത്. ഈ ഭൂമിക്ക് ചുറ്റുമായി പലഘട്ടങ്ങളിലായി ഏറ്റടുത്ത 67 ഏക്കര്‍ സ്ഥലം വി.എച്ച്.പി അടക്കമുള്ള ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയും ചൊവ്വാഴ്ച കോടതിയുടെ മുന്നില്‍ വരും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദു നസീർ എന്നിവർ അടങ്ങുന്നതാണ് ഈ ഭരണഘടനാ ബെഞ്ച്. ജനുവരി 29ന് കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ജസ്റ്റിസ് ബോബ്ഡെ അവധി ആയതോടെ മാറ്റി വെക്കുകയായിരുന്നു.