LiveTV

Live

National

11 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി 

ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും.

11 ലക്ഷത്തിലധികം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കണമെന്ന് സുപ്രീംകോടതി 

വനമേഖലയില്‍ നിന്ന് 11 ലക്ഷത്തിലധികം ആദിവാസി കുടുംബങ്ങളെ ഒഴിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. വനാവകാശ നിയമ പരിരക്ഷ കിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തിയവരെയാണ് ഒഴിപ്പിക്കേണ്ടത്. കേരളത്തില്‍ 894 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടിവരും. വനാവകാശ നിയമം ചോദ്യംചെയ്തുള്ള ഈ ഹര്‍ജിയെ സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല.

2006ലെ വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് വൈല്‍ഡ് ലൈഫ് ഫസ്റ്റ് എന്ന പരിസ്ഥിതി സംഘടന സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അരുണ്‍മിശ്ര, നവീന്‍ സിന്‍ഹ, ഇന്ദിരബനാര്‍ജി എന്നിവരുടെ ബെഞ്ചാണ് നിര്‍ണ്ണായക ഉത്തരവിട്ടത്. വനാവകാശ നിയമ പ്രകാരം വനഭൂമിക്ക് അര്‍ഹത ഇല്ലാത്ത ആദിവാസികളെ ഒഴിപ്പിക്കണം. ഇനി ഈ കേസ് ജൂലൈ 24 നാണ് പരിഗണിക്കുക. അതിന് മുമ്പ് ഉത്തരവ് നടപ്പാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കേരളത്തില്‍ വനാവകാശ നിയമ സംരക്ഷണം തേടി സമര്‍പ്പിച്ച 39,999 അപേക്ഷകളില്‍ സര്‍ക്കാര്‍ നിരസിച്ചത് 894 പേരെയാണ്. ഇവരെയാണ് ഒഴിപ്പിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ സത്യവാങ് മൂലത്തില്‍ ഈ കണക്ക് വ്യക്തമാക്കിയത്.

അപേക്ഷ നിരസിച്ചവരെ എന്തുകൊണ്ട് വനത്തില്‍ നിന്ന് ഒഴിപ്പിച്ചില്ല എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിന് പുറമെ കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ചത്തിസ്ഘഡ്, ജാര്‍ഖണ്ഡ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങി ആകെ 16 സംസ്ഥാനങ്ങള്‍ സത്യവാങ്‍മൂലം സമര്‍പ്പിച്ചിരുന്നു. ഈ സംസ്ഥാനങ്ങളിലായി ആകെ 11,27,446 കുടുംബങ്ങള്‍ വനാവകാശ നിയമ പ്രകാരം വനത്തില്‍ താമസിക്കാന്‍ യോഗ്യരല്ല എന്നാണ് കണക്ക്. ഇവരെയെല്ലാം ഒഴിപ്പിക്കാനാണ് കോടതി ഉത്തരവ്. ഇതിനകം കണക്ക് സമര്‍പ്പിക്കാത്ത മറ്റു സംസ്ഥാനങ്ങളും ജുലൈ 27 ന് മുമ്പ് ഉത്തരവ് നടപ്പാക്കണം. ഈ മാസം 13 കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ ഹാജരായിരുന്നില്ല. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന നിലവിലെ വനവാകശ നിയമത്തില്‍ ഭതഗതി വേണമെന്ന നിലപാടാണ് മോദി സര്‍ക്കാരിനുള്ളത്.