LiveTV

Live

National

മുസ്‍ലിം പ്രാതിനിധ്യം കുറയുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്

മുസ്‍ലിം ജനപ്രതിനിധികൾക്ക് ലഭിക്കുന്ന വോട്ട് വിഹിതത്തിലും, സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും ഇടിവു സംഭവിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്

മുസ്‍ലിം പ്രാതിനിധ്യം കുറയുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ മുസ്‍ലിംകള്‍ക്ക് പ്രാതിനിധ്യം കുറയുന്നതായി റിപ്പോർട്ട്. അവസാനം നടന്ന രണ്ടു പൊതുതെരഞ്ഞെടുപ്പുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മുസ്‍ലിം ജനപ്രതിനിധികൾക്ക് ലഭിക്കുന്ന വോട്ട് വിഹിതത്തിലും, സ്ഥാനാര്‍ഥികളുടെ എണ്ണത്തിലും ഇടിവു സംഭവിച്ചതായാണ് കണ്ടെത്തിയിട്ടുള്ളത്.

രാജ്യത്തെ ജനസംഖ്യയിൽ 14.2 ശതമാനമാണ് മുസ്‍ലിംകളുള്ളത്. എന്നാൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും കൂടി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ ആകെ പത്ത് ശതമാനം മാത്രമായിരുന്നു മുസ്‍ലിം ജനപ്രതിനിധികൾ. ഇതിൽ 2014 തെരഞ്ഞെടുപ്പിലാണ് ചരിത്രത്തിൽ ഏറ്റവും കുറവ് മുസ്‍ലിം അംഗങ്ങൾ പാർലമെന്റിലെത്തുന്നത്, 22 പേർ.

ലഭ്യമായ വിവരമനുസരിച്ച് 2009ൽ നിന്നും 2014ലെ തെരഞ്ഞെടുപ്പിലെത്തിയപ്പോൾ ആകെ പോൾ ചെയ്ത വോട്ടുകളിൽ വലിയ വർധവ് തന്നെയാണ് ഉണ്ടായത്. 2009ൽ 41.71 കോടിയായിരുന്നു പോൾ ചെയ്ത വോട്ടുകളെങ്കിൽ, 2014ൽ എത്തുമ്പോൾ അത് 55.38 കോടിയായി ഉയർന്നു. എന്നാലതിൽ 2009ലെ തെരഞ്ഞെടുപ്പിൽ മുസ്‍ലിം മത്സരാർഥികൾക്കാകെ ലഭിച്ചത് 2.89 കോടി വോട്ടുകളാണ്, അതായത് മൊത്തം പോൾ ചെയ്തതിന്റെ 6.9 ശതമാനം. ഇത് 2014 പൊതുതെരഞ്ഞെടുപ്പ് എത്തിയപ്പോൾ 2.78 കോടിയിലേക്കെത്തി -അതായത് 5 ശതമാനമായി കുറഞ്ഞു.

പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുത്ത സ്ഥാനാർഥികൾക്ക് ശരാശരി 51,692 വോട്ടുകൾ ലഭിച്ചപ്പോൾ, മുസ്‍ലിം സ്ഥാനാർഥികൾക്ക് ലഭിച്ച ശരാശരി വോട്ടുകൾ 34,948 വോട്ടുകളാണ്. 2014 തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾക്ക് ലഭിച്ച ശരാശരി വോട്ടുകളിൽ വർദ്ധനവുണ്ടായപ്പോൾ, മുസ്‍ലിം സ്ഥാനാർഥികളുടെ ശരാശരിയിൽ ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത്.

മുസ്‍ലിം പ്രാതിനിധ്യം കുറയുന്ന ഇന്ത്യന്‍ പാര്‍ലമെന്റ്

സംസ്ഥാനങ്ങളിലെ അവസ്ഥ

2009 തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മത്സരിക്കാനുണ്ടായിരുന്ന 114 നോമിനികൾക്ക് ആകെ13.1 ലക്ഷം വോട്ടുകൾ ലഭിച്ചപ്പോൾ, 2014ൽ അത് 127 നോമിനികൾക്ക് 6.5 ലക്ഷമായി കുറഞ്ഞു. വോട്ട് വിഹിതം 3.53 ശതമാനത്തിൽ നിന്നും 1.34 ശതമാനത്തിലേക്ക് താഴ്ന്നു.

അസമിൽ‍ മുസ്‍ലിം ലഭിച്ച വോട്ട് വിഹിതം 24.4 ലക്ഷത്തിൽ നിന്നും 19.6 ലക്ഷമായി കുറഞ്ഞു. 14 സീറ്റുകളിലേക്ക് 40 മുസ്‍ലിം സ്ഥാനാർഥികൾ മത്സരിച്ചപ്പോൾ, വിജയച്ചത് രണ്ട് പേർ മാത്രം. 2011ലെ കണക്കു പ്രകാരം, അസം ജനസംഖ്യയിൽ 34.2 ശതമാനം മുസ്‍ലികളാണ്.

ആന്ധ്രാപ്രദേശിൽ, മുസ്‍ലിം സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട് 22.4 ലക്ഷത്തിൽ നിന്നും 15.6 ലക്ഷമായി കുറഞ്ഞു. ഗുജറാത്തിൽ അത് 4.3 ലക്ഷത്തിൽ നിന്നും 4.1 ലക്ഷമായി കുറഞ്ഞു. ഉത്തർപ്രദേശിൽ 13.2 ശതമാനമായിരുന്നു മുസ്‍ലിം മത്സരാർഥികൾക്ക് ലഭിച്ച വോട്ട് വിഹിതമെങ്കില്‍, 2014 അത് 12.4 ശതമാനമായി കുറഞ്ഞു. എന്നാൽ 18.5 ശതമാനം മുസ്‍ലിം ജനസംഖ്യയുള്ള യു.പിയിലെ 80 എം.പിമാരിൽ ഒരാൾ പോലും മുസ്‍ലിം സമുദായത്തിൽ നിന്നില്ല എന്നതും ഇവിടെ ശ്രദ്ധേയമാണ്. ബീഹാറിൽ 82 സ്ഥാനാർഥികൾക്കുമായി 12.3 ശതമാനം വോട്ടുകൾ 2009ൽ ലഭിച്ചപ്പോൾ, അടുത്ത തെരഞ്ഞെടുപ്പിലത് 79 പേർക്ക് 12.2 ശതമാനമായി കുറഞ്ഞു.

പശ്ചിമ ബംഗാളിൽ മാത്രമാണ് സ്ഥിതി അൽപ്പം വ്യത്യസ്തമായത്. 25 ശതമാനമാണ് ബംഗാളിലെ മുസ്‍ലിം ജനസംഖ്യ. ഇതിൽ 2009 തെരഞ്ഞെടുപ്പിൽ 57 മത്സരാർഥികൾക്കായി 58.13 ലക്ഷം വോട്ടുകൾ (13.6 ശതമാനം) ലഭിച്ചപ്പോൾ, 2014 തെരഞ്ഞെടുപ്പിൽ മത്സരിച്ച 88 പേർക്കായി 89.42 ലക്ഷം വോട്ടുകൾ (17.3 ശതമാനം) ലഭിച്ചു.