LiveTV

Live

National

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ

ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 5 പ്രധാന മേഖലകളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണപത്രങ്ങളില്‍ ഒപ്പിട്ടു

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ

ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതുള്‍പ്പെടെ സഹകരണം ഉറപ്പുനല്‍കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അറിയിച്ചു. ഭീകരരെ സഹായിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത പുല്‍വാമ ആക്രമണത്തോടെ കൂടുതല്‍ വ്യക്തമായെന്ന് നരേന്ദ്ര മോദി പറഞ്ഞു. അഞ്ച് പ്രധാന മേഖലകളില്‍ സഹകരണത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണാപത്രങ്ങളില്‍ ഒപ്പിട്ടു.

പുല്‍വാമ ഭീകരാക്രണത്തിന് തൊട്ടുപിന്നാലെയായിരുന്നു സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം. ശേഷം ഇന്ത്യയിലെത്തുമ്പോള്‍ പുല്‍വാമയോ പാകിസ്താനോ പരാമര്‍ശിച്ചില്ലെങ്കിലും ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ അദ്ദേഹം ഉറപ്പുനല്‍കി. കൂടിക്കാഴ്ചക്ക് ശേഷമുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പുല്‍വാമ ഭീകരാക്രമണം പ്രത്യേകം പരാമര്‍ശിച്ചു.

"ഭീകരവാദം എത്ര വലിയ ഭീഷണിയാണെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് പുല്‍വാമ ഭീകരാക്രമണം. ഭീകരരെ സഹായിക്കുന്നവരെ എല്ലാ രംഗത്തും ഒറ്റപ്പെടുത്തണം"- മോദി പറഞ്ഞു. നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് & ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ട്, നിക്ഷേപം, ടൂറിസം, വാര്‍ത്താ പ്രക്ഷേപണം, ഭവന നിര്‍മാണം എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

രാവിലെ രാഷ്ട്രപതി ഭവനില്‍ മുഹമ്മദ് ബിന്‍ സല്‍മാന് രാജകീയ സ്വീകരണം ഒരുക്കി. വൈകിട്ട് രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിന് ശേഷം സൗദി കിരീടാവകാശി ചൈനയിലേക്ക് തിരിക്കും.