LiveTV

Live

National

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി; സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ

ഇന്ത്യ-സൗദി നേതൃത്വത്തില്‍ സ്ട്രാറ്റജിക് കൌണ്‍സില്‍ രൂപീകരിക്കാനും ധാരണയായി.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി; സൗദി പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് ഇ-വിസ

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായി ഉയര്‍ത്താന്‍ സൗദി അറേബ്യ തീരുമാനിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് പുതിയ തീരുമാനം. ഇന്ത്യ-സൗദി നേതൃത്വത്തില്‍ സ്ട്രാറ്റജിക് കൌണ്‍സില്‍ രൂപീകരിക്കാനും ധാരണയായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ണായക തീരുമാനം. 175000 പേര്‍ ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പോയിടത്ത് 2 ലക്ഷം പേരെ സ്വീകരിക്കാന്‍ സൗദി തയ്യാറാവുകയായിരുന്നു. ഇതോടെ 25000 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിക്കും.

പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റുകള്‍ 38000 ആയി ഉയര്‍ത്തും. നയതന്ത്ര മേഖലയില്‍ മേല്‍ക്കൈ നല്‍കുന്നതാകും സ്ട്രാറ്റജിക് കൌണ്‍സിലിന്റെ രൂപീകരണം. ആകെ 100 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് തയ്യാറാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയെ അറിയിച്ചു. സൗദി പൌരന്മാര്‍ക്ക് ഇ - വിസ അനുവദിക്കാന്‍ ഇന്ത്യയും തീരുമാനിച്ചു.

Also read: ഭീകരവാദം നേരിടുന്നതില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ