പുല്‍വാമ ഭീകരാക്രമണം; സര്‍ക്കാരിനും സൈന്യത്തിനും പരോക്ഷ വിമര്‍ശവുമായി വി.കെ സിങ്
2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ കശ്മീര്‍ ശാന്തമായിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തില്‍ സര്‍ക്കാരിനും സൈന്യത്തിനും പരോക്ഷ വിമര്‍ശവുമായി വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. കശ്മീരിലെ സ്ഥിതിഗതികള്‍ 2012ന് ശേഷമാണ് മോശമായതെന്നും ഭീകരാക്രമണം തടയാന്‍ നേരത്തെ തന്നെ പലതും ചെയ്യാമായിരുന്നുവെന്നും മുന്‍ കരസേന മേധാവി കൂടിയായ സിങ് പറഞ്ഞു.
2005 മുതല്‍ 2012 വരെയുള്ള കാലയളവില്‍ കശ്മീര്‍ ശാന്തമായിരുന്നു. അതിന് ശേഷമാണ് കാര്യങ്ങള്‍ വഷളായതെന്നാണ് സിങ്ങിന്റെ അഭിപ്രായം. എന്നാല്‍ എന്തുകൊണ്ട് സ്ഥിതി വഷളായെന്നോ ആര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തമെന്നോ വിശദീകരിക്കാന്‍ സിങ് തയ്യാറായില്ല.
2010 മുതല്‍ കരസേന മേധാവിയായിരുന്ന വി.കെ സിങ് 2012 മെയ് 31ലാണ് വിരമിക്കുന്നത്. 2004 മുതല്‍ 2014 വരെ കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലെ യു.പി.എ സര്‍ക്കാരും. 2014 ല്‍ ബി.ജെ.പി നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലെത്തിയപ്പോള്‍ സിങ് മന്ത്രിസഭയിലുമെത്തി. സിങിന്റെ വിമര്‍ശം സൈന്യത്തിന് നേരെയാണോ സര്‍ക്കാരിന് നേരെയാണോ എന്ന് വ്യക്തമല്ല.