LiveTV

Live

National

10 ലക്ഷം മോഷണം പോയി; തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വഴിയില്ല: സഭയില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് എം.എല്‍.എ

അസാധാരണ സംഭവങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്.

10 ലക്ഷം മോഷണം പോയി; തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വഴിയില്ല: സഭയില്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് എം.എല്‍.എ

അസാധാരണ സംഭവങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് നിയമസഭ ഇന്നലെ സാക്ഷ്യം വഹിച്ചത്. സമാജ്‍വാദി പാര്‍ട്ടിയുടെ എം.എല്‍.എയായ കല്‍പനാഥ് പാസ്വാന്‍ തനിക്ക് നേരെയുണ്ടായ നീതി നിഷേധം ചൂണ്ടിക്കാണിച്ച് സഭയില്‍ സംസാരിക്കവെ പൊട്ടിക്കരയുകയായിരുന്നു.

തന്റെ പത്തുലക്ഷം രൂപ മോഷണം പോയെന്നും, അത് തിരിച്ചുകിട്ടിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ തനിക്ക് വേറെ വഴിയില്ലെന്നുമായിരുന്നു കല്‍പനാഥ് ഇന്നലെ സഭയില്‍ പറഞ്ഞത്. സംഭവത്തില്‍ താന്‍ പരാതിപ്പെട്ടിട്ടും ഇതുവരെ എഫ്‍.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം സഭയില്‍ പരാതി പറഞ്ഞു. യു.പി അസംഗഢിലെ മെഹ്‍നഗര്‍ മണ്ഡലത്തിന്റെ എം.എല്‍.എയാണ് കല്‍പനാഥ്.

‘’ഈ സഭയില്‍ കൈകള്‍ കൂപ്പി ഞാന്‍ അപേക്ഷിക്കുകയാണ്.. ഇവിടെ നിന്ന് എനിക്ക് നീതി കിട്ടിയില്ലെങ്കില്‍ പിന്നെ ഞാനെവിടെ പോകാനാണ്. ഞാന്‍ മരിക്കേണ്ടി വരും.. ഞാനൊരു പാവപ്പെട്ടവനാണ്... എനിക്ക് എന്റെ പണം തിരിച്ചുകിട്ടിയില്ലെങ്കില്‍ എനിക്ക് മുന്നില്‍ ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ല..''- സഭയില്‍ ശൂന്യവേളയില്‍ തന്റെ വിഷയം അവതരിപ്പിച്ച് കല്‍പനാഥ് പൊട്ടിക്കരഞ്ഞു..

അസംഗഢിലെ ഒരു ഹോട്ടലില്‍വെച്ചാണ് പണം നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറയുന്നു. ഇതുവരെ എഫ്‍.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലമെന്ററി കാര്യ മന്ത്രിയായ സുരേഷ് കുമാര്‍ ഖന്നയാണ്, കല്‍പനാഥിന് സഭയില്‍ സാന്ത്വനവുമായി എത്തിയത്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുന്നതാണെന്നും നീതി ഉറപ്പാക്കാമെന്നും സുരേഷ് കുമാര്‍, കല്‍പ്പനാഥിന് ഉറപ്പുനല്‍കി.