LiveTV

Live

National

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡല്‍ഹിയിലെത്തി

12 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ശേഷം ഹൈദരബാദ് ഹൌസില്‍ ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡല്‍ഹിയിലെത്തി

സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഡല്‍ഹിയിലെത്തി. വിമാനത്താവളത്തില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ചത്. പ്രതിരോധ - വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. കഴിഞ്ഞ ദിവസം പാകിസ്ഥാനിലും അമീര്‍ മുഹമ്മദ് സന്ദര്‍ശനം നടത്തിയിരുന്നു.

ഏഷ്യന്‍ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തിയത്. ഡല്‍ഹിയിലെ സൈനിക വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് ബിന്‍ സല്‍മാനെ പ്രധാനമന്ത്രി നരേന്ദ്രമോദി വരവേറ്റു. നാളെ 10 മണിക്ക് രാഷ്ട്രപതി ഭവനിലെ ഔദ്യോഗിക സ്വീകരണത്തോടെയാണ് സന്ദര്‍ശനമാരംഭിക്കുക. 10.45ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.

12 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ശേഷം ഹൈദരബാദ് ഹൌസില്‍ ഉച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. 12:45 പ്രതിനിധി തല ചര്‍ച്ചക്ക് ശേഷം ഇരു രാജ്യങ്ങളും അഞ്ച് കാരാറുകളില്‍ ഒപ്പ് വെക്കും. മന്ത്രി തല സമിതിയായ തന്ത്രപരമായ പങ്കാളിത്ത കൗൺസിലിനു രൂപം നൽകും.

പ്രതിരോധ സഹകരണത്തിനുള്ള കരാറുകളിലും ഒപ്പു വെക്കും. നാവിക പരിശീലനത്തിനും രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറാനും ധാരണയായിട്ടുണ്ട്. 1:15ന് ഇരുവരും മാധ്യമങ്ങളെ കാണും. 7:30ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ച ശേഷം 11:50ന് ചൈനയിലേക്ക് പോകും. പാക് സന്ദര്‍ശനത്തില്‍ 2000 കോടി ഡോളറിന്റെ നിക്ഷേപത്തിനുള്ള ധാരണാപത്രത്തിൽ സൗദി ഒപ്പുവെച്ചിരുന്നു.

ഒപ്പം നിഷാൻ ഇ പാക്കിസ്ഥാൻ എന്ന പാക് പരമോന്നത ബഹുമതി മുഹമ്മദ് ബിൻ സൽമാന് പ്രസിഡന്‍റ് ആരിഫ് അൽവി സമ്മാനിച്ചു. പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച സൌദി ഇന്ത്യ - പാക് സംഘർഷം കുറക്കാന്‍ ശ്രമിക്കുമെന്ന് ഇസ്ലാമാബാദിൽ പറഞ്ഞിരുന്നു.