LiveTV

Live

National

പുതുച്ചേരിയില്‍ സമവായ നീക്കവുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍; മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് വിളിച്ചു

ലഫ്റ്റനന്‍റ് ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ സമവായ നീക്കവുമായി ഗവര്‍ണര്‍.

പുതുച്ചേരിയില്‍ സമവായ നീക്കവുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍; മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്ക് വിളിച്ചു

ലഫ്റ്റനന്‍റ് ഗവര്‍ണറും സര്‍ക്കാറും തമ്മില്‍ അധികാര തര്‍ക്കം നിലനില്‍ക്കുന്ന പുതുച്ചേരിയില്‍ സമവായ നീക്കവുമായി ഗവര്‍ണര്‍. പുതുച്ചേരിയില്‍ തിരിച്ചെത്തിയ ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി, മുഖ്യമന്ത്രി വി. നാരായണ സ്വാമിയെ ചര്‍ച്ചക്ക് വിളിച്ചു.

എല്ലാ വകുപ്പ് സെക്രട്ടറിമാരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യവും ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടായാല്‍ മാത്രമേ രാജ്ഭവന് മുന്നിലെ ധര്‍ണ അവസാനിപ്പിക്കുകയുള്ളുവെന്ന നിലപാടിലാണ് നാരായണ സ്വാമി. ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ് നിവാസിൽ വെച്ച് ചർച്ച നടത്താമെന്ന ഗവർണറുടെ നിർദേശം മുഖ്യമന്ത്രി അംഗീകരിച്ചിട്ടില്ല. സെക്രട്ടേറിയറ്റിൽ വെച്ച് ചർച്ച നടത്തിയാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.

പുതുച്ചേരിയില്‍ ഗവർണർക്കെതിരായി മുഖ്യമന്ത്രി നടത്തുന്ന സമരം മൂന്നുദിവസം പിന്നിട്ടിരിക്കയാണിപ്പോള്‍. ലഫ്. ഗവർണർ കിരൺ ബേദിയുടെ ഭരണഘടനാവിരുദ്ധമായ നടപടികൾക്കെതിരെയാണ് മുഖ്യമന്ത്രി സമരം ആരംഭിച്ചത്. ഗവർണറായ കിരൺ ബേദി ഭരണഘടനാവിരുദ്ധമായി സർക്കാർ കാര്യങ്ങളിൽ ഇടപെടുന്നുവെന്നും ജനപ്രിയ പദ്ധതികളുടെ ഫയലുകൾ തടഞ്ഞു വെക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയും ഭരണപക്ഷ എം.എൽ.എമാരും സമരം തുടങ്ങിയതോടെ പുതുച്ചേരിയിൽ പൂർണമായും ഭരണം സ്തംഭിച്ച അവസ്ഥയാണ്.

സമരം തുടങ്ങാനുള്ള കാരണവും, മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള വാദപ്രതിവാദങ്ങളും ട്വിറ്ററിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണപരമായ വിഷയങ്ങളിൽ ഇരുവരും തമ്മിൽ ട്വിറ്റർ വഴിയാണ് വാദപ്രതിവാദം നടക്കുന്നത്. പൊതുജന മധ്യത്തിൽ സമവാദം നടത്താൻ തയ്യാറാണോ എന്ന ഗവർണറുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഒരുക്കമാണെന്ന് ട്വിറ്റർ വഴി മറുപടി നൽകിയിരുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ സമരത്തിന് പിന്തുണയറിയിച്ചിട്ടുണ്ട്.