LiveTV

Live

National

കശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു; മൂന്നാം ദിവസവും കര്‍ഫ്യൂ തുടരുന്നു

ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ചാണ് നടപടിയെന്ന് പൊലീസ്. മെഹ്ബൂബ മുഫ്തിയുടെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പേയാണ് നടപടി.

കശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു; മൂന്നാം ദിവസവും കര്‍ഫ്യൂ തുടരുന്നു

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു. മീര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കം അഞ്ച് വിഘടനവാദികള്‍ക്കുള്ള സുരക്ഷയും പിന്‍വലിച്ചു. സംസ്ഥാനത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ മൂന്നാം ദിവസവും തുടരുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ജമ്മുവിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇന്നും തുടരുകയാണ്. അക്രമസംഭവങ്ങള്‍ക്കിടയില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നേരത്തെ തന്നെ സംസ്ഥാനത്ത് ഇന്‍റര്‍നെറ്റ് സേവനം വിച്ഛേദിച്ചിട്ടുണ്ട്. സുരക്ഷ കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി ജമ്മുവിലുള്ള പി.ഡി.പി ഓഫീസ് പൊലീസ് സീല്‍ ചെയ്തു. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി ഓഫീസ് സന്ദര്‍‍ശിക്കാനിരിക്കെയാണ് പൊലീസ് നടപടി.

സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നം കണക്കിലെടുത്താണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കശ്മീര്‍ വിഘടനവാദി നേതാക്കളായ മിര്‍വായീസ് ഉമര്‍ ഫാറൂഖ്, ഷബീര്‍ ഷാ, ഹാഷിം ഖുറേശി, ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ബട്ട് എന്നിവരുടെ സുരക്ഷ എടുത്തുകളയാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ഇവര്‍ക്കുള്ള എല്ലാ സര്‍ക്കാര്‍ സൌകര്യങ്ങളും പിന്‍വലിക്കും. തങ്ങള്‍ക്ക് സര്‍ക്കാറിന്‍റെ സുരക്ഷ ആവശ്യമില്ലെന്നാണ് ഇതിനോട് വിഘടന വാദി നേതാവായ അബ്ദുല്‍ ഗനി ബട്ട് പ്രതികരിച്ചത്.