LiveTV

Live

National

ജനങ്ങളോട് ചിരിച്ചും, കൈവീശി കാണിച്ചും സാക്ഷി മഹാരാജ്: ജവാന്റെ വിലാപയാത്ര തെരഞ്ഞെടുപ്പ് റാലിയാക്കി ബി.ജെ.പി നേതാക്കള്‍ 

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരെ ഓര്‍ത്ത് രാജ്യം തേങ്ങുമ്പോള്‍, ബി.ജെ.പി നേതാക്കള്‍ അവസരം മുതലെടുക്കുകയാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു

ജനങ്ങളോട് ചിരിച്ചും, കൈവീശി കാണിച്ചും സാക്ഷി മഹാരാജ്: ജവാന്റെ വിലാപയാത്ര  തെരഞ്ഞെടുപ്പ് റാലിയാക്കി ബി.ജെ.പി നേതാക്കള്‍ 

തെരഞ്ഞെടുപ്പ് റാലിയിലെന്ന പോലെ, ഇരുവശത്തുമുള്ള ജനങ്ങളോട് ചിരിച്ചും, കൈവീശി കാണിച്ചും പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ വിലാപയാത്രയില്‍ പങ്കെടുത്ത് ഉത്തര്‍പ്രദേശ് എം.പി സാക്ഷി മഹാരാജ്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്മാരെ ഓര്‍ത്ത് രാജ്യം തേങ്ങുമ്പോള്‍, ബി.ജെ.പി നേതാക്കള്‍ അവസരം മുതലെടുക്കുകയാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; വിമര്‍ശനം രൂക്ഷമായതോടെ കണ്ണന്താനം ഫോട്ടോ പിന്‍വലിച്ചു
Also Read

ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; വിമര്‍ശനം രൂക്ഷമായതോടെ കണ്ണന്താനം ഫോട്ടോ പിന്‍വലിച്ചു

കേരളത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ വസന്തകുമാറിന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത് വന്‍ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുളളത്. ഭീകരാക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകം മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലി നടത്തിയതും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചതും വിവാദമായിരുന്നു. കേന്ദ്ര മന്ത്രിയായ പിയൂഷ് ഗോയലാകട്ടെ തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെയുമായി സഖ്യ ചര്‍ച്ചകളിലായിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ബി.ജെ.പി എം.പിയായ മനോജ് തിവാരി അലഹബാദില്‍ ഒരു സംഗീത പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പി നടത്തിയത് അഞ്ച് വലിയ ചടങ്ങുകള്‍
Also Read

രാജ്യം വിറങ്ങലിച്ച് നിൽക്കുമ്പോൾ ഭരണപക്ഷ പാർട്ടിയായ ബി.ജെ.പി നടത്തിയത് അഞ്ച് വലിയ ചടങ്ങുകള്‍

ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ ഉന്നാവോ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാന്‍ അജിത് കുമാറിന്റെ വിലാപയാത്രയെയാണ് തെരഞ്ഞെടുപ്പ് റാലിക്ക് സമാനമാക്കി ബി.ജെ.പി നേതാക്കള്‍ മാറ്റിയത്. മൃതദേഹത്തിന്റെ അടുത്ത് നിന്ന് ചിരിച്ചും വിലാപയാത്രയെ പ്രതീക്ഷിച്ച് നിന്ന ജനങ്ങളെ കൈവീശിക്കാണിച്ചിട്ടുമായിരുന്നു ബി.ജെ.പി എം.പി സാക്ഷി മഹാരാജ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ രൂക്ഷവിമര്‍ശനങ്ങളാണ് സാക്ഷി മഹാരാജിനെതിരെ ഉയര്‍ന്നത്.

''എന്തൊരു മര്യാദകേടാണിത്. ഈ രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികന്‍ അജിത് കുമാര്‍ ആസാദിന്റെ അന്ത്യയാത്രയായിരുന്നു അത്, പക്ഷേ എങ്ങനെയാണ് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് ആ വിലാപയാത്രയില്‍ പെരുമാറുന്നത് എന്ന് നോക്കൂ... ഇത് ബി.ജെ.പിയുടെ റോഡ് ഷോ അല്ലെന്നും രക്തസാക്ഷിയായ ഒരു ജവാന്റെ അന്ത്യയാത്രയായിരുന്നുവെന്നും ആരെങ്കിലും സാക്ഷി മഹാരാജിന് പറഞ്ഞുകൊടുക്കണം'' – എന്നായിരുന്നു മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കുമാര്‍ വീഡിയോ ഷെയര്‍ ചെയ്ത് ട്വിറ്ററില്‍ കുറിച്ചത്.