LiveTV

Live

National

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിടികൂടി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിടികൂടി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ളവര്‍ എവിടെ ഒളിക്കാന്‍ ശ്രമിച്ചാലും പിടികൂടി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുരക്ഷാ സേനക്ക് ഇതിനായുള്ള എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ടെന്നും മോദി മഹാരാഷ്ട്രയിലെ യവത്‌മാലില്‍ പറഞ്ഞു. കശ്മീരില്‍ വര്‍ഗീയ സംഘര്‍ഷം ശക്തമായതോടെ സുരക്ഷ കര്‍ശനമാക്കി. കശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

മഹാരാഷ്ട്രയിലെ യവത് മാലില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യത്തെ അക്രമിച്ച ഭീകരര്‍ എവിടെ ഒളിച്ചാലും പിടികൂടും. അവരുടെ ഭാവി സൈന്യം തീരുമാനിക്കുമെന്നും മോദി പറഞ്ഞു.

പാകിസ്ഥാനെതിരായ നയതന്ത്ര, സൈനിക, സാമ്പത്തിക നീക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ്. ആഭ്യന്തര സെക്രട്ടറി രാജീവ് ഗോബ, റോ മേധാവി എ.കെ ധസ്മന, ഐ.ബി. ഉപമേധാവി അരവിന്ദ് കുമാര്‍, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി.

ഇന്ന് ഇന്ത്യയിലെത്തിയ പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീണര്‍‌ അജയ് ബിസാരിയയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ കണ്ടു. അതിനിടെ പുല്‍വാമയില്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ അന്വേഷണ സംഘം തെരച്ചില്‍ ശക്തമാക്കി. 13 പേരെ ചോദ്യം ചെയ്തു.

പുൽവായിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് ഏഴ് പേരെ ജമ്മു കശ്മീർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പദ്ധതിയൊരുക്കിയതിൽ പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പുൽവാമ, അവന്തിപൊര എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ട കേസിൽ ആരെങ്കിലും കസ്റ്റഡിയിലാകുന്നത് ഇത് ആദ്യമാണ്. അവന്തി പൊര, പുൽവാമ എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് യുവാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് ചാവേറാക്രമണത്തിന്റെ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. ചാവേറാക്രമണ കേസ് അന്വേഷിക്കുന്നത് ജമ്മു കശ്മീർ പൊലീസാണ്.

12 അംഗ എൻ.ഐ.എ സംഘത്തെയും അന്വേഷണ സംഘത്തെ സഹായിക്കാൻ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കസ്റ്റഡിയിൽ ആയവരെ വിശദമായി ചോദ്യം ചെയ്താൽ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നതാണ് പ്രതീക്ഷ.

ഇതിനിടെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ച് വരുത്തി പാകിസ്ഥാൻ ഭീകരാക്രമണത്തിലെ ഇന്ത്യയുടെ ആരോപണങ്ങൾ സംബന്ധിച്ച് പ്രതിഷേധം അറിയിച്ചു. ഇന്നലെ പാകിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയ ഇന്ത്യ ഭീകരാക്രമണ സംബന്ധിച്ച് രാജ്യത്തിന് നിലപാട് വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണത്തിലെ പാകിസ്ഥാൻ നിലപാട് ആത്മാർത്ഥത ഇല്ലാത്തതാണെന്നും തീവ്രവാദ സംഘടനകളെ കർശനമായി നിയന്ത്രിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും വിദേശകാര്യ സെക്രട്ടറി ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ആവശ്യപ്പെട്ടിരുന്നു.