LiveTV

Live

National

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണവും ഭീഷണിയും 

കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണവും ഭീഷണിയും 

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണവും ഭീഷണിയും. ഛത്തീസ്ഗഡിലെ റായ്പൂരില്‍ നടക്കുന്ന ട്രെയിനിങ് ക്യാംപില്‍ പങ്കെടുക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മഹാരാഷ്ട്രയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ നടത്തിയ അക്രമത്തില്‍ നാല് കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കശ്മീരില്‍ നിന്നുമുള്ള 34 വിദ്യാര്‍ത്ഥികളാണ് സര്‍ക്കാരിന്റെ ഹിമായത്ത് പ്രൊജക്ടിന്റെ ഭാഗമായ ക്യാംപില്‍ പങ്കെടുത്തിരുന്നത്. സാഹിദ് വാനി, മൊഹ്സിന്‍, നവീദ്, ഫൈസല്‍ എന്നീ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് മഹാരാഷ്ട്രയില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും പ്രദേശവാസികളും തുടരെ അക്രമവും കൈയ്യേറ്റവും നടത്തിയത്. വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ പ്രവേശിച്ച അക്രമികള്‍ ലോക്കറുകളും അലമാരകളും അടിച്ചു തകര്‍ത്തതായും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. ശക്തമായ ഇരുമ്പ് കമ്പികള്‍ കൊണ്ട് ജനവാതിലുകള്‍ തകര്‍ത്തതായും കല്ലുകള്‍ കൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പല വിദ്യാര്‍ത്ഥികളുടെയും വിലപിടിപ്പുള്ള വസ്തുക്കള്‍ അക്രമികള്‍ കൈവശപ്പെടുത്തിയതായും പരാതിയിലുണ്ട്. പ്രാദേശിക പൊലീസ് ഒരു തരത്തിലും തങ്ങളെ സഹായിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ പറയുന്നുണ്ട്. ട്രെയിനിങ് ക്യാംപില്‍ പങ്കെടുത്ത 34 വിദ്യാര്‍ത്ഥികളും വടക്കന്‍ കശ്മീരിലെ ബന്ദിപൊര ജില്ലയില്‍ നിന്നുള്ളവരാണ്.

പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരാഖണ്ഡിലെ ഡെഹ്റാഡൂണിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാബാ ഫരീദ്ദുദ്ദീന്‍ ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന കശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് അക്രമാസക്തരായ ആള്‍ക്കൂട്ടം കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. വിദ്യാര്‍ത്ഥികളോട് കോളെജ് വിട്ട് കശ്മീരിലേക്ക് തന്നെ തിരിച്ച് പോകാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ക്രൂരമായാണ് അക്രമികള്‍ തന്നെ തല്ലിചതച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കശ്മീരി വിദ്യാര്‍ത്ഥി കശ്മീരിലെ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. ഇരുപതിനോടടുത്ത ആളുകള്‍ തന്റെ താമസസ്ഥലത്തിന് മുന്‍ഭാഗത്ത് വരികയും അധിക്ഷേപകരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തതായി വിദ്യാര്‍ത്ഥി പറയുന്നു. വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ട ജനക്കൂട്ടം തുറക്കാതായതോടെ ചവിട്ടി പൊളിക്കാന്‍ ശ്രമിച്ചതായും വിദ്യാര്‍ത്ഥി പറയുന്നു. റൂമിനകത്ത് വെച്ച് കത്തിക്കുമെന്ന ഭീഷണിയില്‍ ഭയന്ന വിദ്യാര്‍ത്ഥി പിന്നീട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടതായും പറയുന്നു.

ഡെഹ്റാഡൂണിലുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും സമാനമായ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.