LiveTV

Live

National

വട്ടമിട്ട് ആർ.എസ്.എസും ഇമ ചിമ്മാതെ വിദ്യാർത്ഥികളും

അരിശം തോന്നിയ റിപ്പബ്ലിക്ക് ടി.വി ചാനൽ പ്രവർത്തകർ ‘ഞങ്ങളിപ്പോൾ നിൽക്കുന്നത് ഒരു ടെററിസ്റ്റ് യൂണിവേഴ്സിറ്റിയിലാണ്’ എന്ന് അധിക്ഷേപിച്ച് തത്സമയ സംപ്രേക്ഷണം നടത്താൻ ശ്രമിക്കുകയായിരുന്നു

വട്ടമിട്ട് ആർ.എസ്.എസും ഇമ ചിമ്മാതെ വിദ്യാർത്ഥികളും

"സബ്ക്കാ സാത്ത്, സബ്ക്കാ വികാസ്" എന്ന തത്വം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധനാണ് വി.സി. ആയതിനാൽ അലീഗഢ് മുസ്‍ലിം സര്‍വകലാശാലയില്‍ ഒരു ക്ഷേത്രം പണിയേണ്ടത് അനിവാര്യമാണ്. ഇതിന് 15 ദിവസത്തിനകം മറുപടിയും കിട്ടേണ്ടതുണ്ട്. വി.സിക്ക് ഭാരതീയ ജനതാ യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ മുകേഷ് സിംഗ് ലോധി അയച്ച ഒരു കത്തിന്റെ രൂപമാണിത്.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കമ്മ്യൂണൽ വയലൻസിന്റെ സൂചന അതിൽ നിന്ന് തന്നെ മനസ്സിലാക്കാം. ബലം പ്രയോഗിച്ച് ക്യാമ്പസിനകത്ത് ക്ഷേത്രം നിർമിക്കുന്നത് സംഘത്തിന്റെ വിവരമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നും സർക്കാറിന്‍റെയും സര്‍വകലാശാലയുടെയും അനുമതിയോടെ മാത്രമേ ക്ഷേത്രം നിർമിക്കാൻ സാധിക്കൂ, അല്ലാത്തപക്ഷം ആരെയും ക്യാമ്പസിനകത്ത് കാലുകുത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ് യൂണിയൻ അതിനെ നിരാകരിക്കുകയും ചെയ്തിട്ടുണ്ട്.

വട്ടമിട്ട് ആർ.എസ്.എസും ഇമ ചിമ്മാതെ വിദ്യാർത്ഥികളും

കഴിഞ്ഞ ചൊവ്വാഴ്ച്ച ഫെബ്രുവരി 12ന് ക്യാമ്പസിൽ നടക്കുന്ന ഒരു പരിപാടിയിൽ അസദുദ്ദീൻ ഉവൈസി പങ്കെടുക്കുന്നുണ്ടെന്ന കിംവദന്തി പടർന്നു. ഇത് കേട്ടറിഞ്ഞ് വാർത്ത റിപ്പോർട്ട് ചെയ്യാനത്തിയ റിപ്പബ്ലിക്ക് ടി.വി ചാനൽ അനുവാദമില്ലാതെ ക്യാമ്പസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രോക്ടറുടെ നേതൃത്വത്തില്‍ പോലീസും വിദ്യാർത്ഥികളും തടഞ്ഞു. ഇതിൽ അരിശം തോന്നിയ റിപ്പബ്ലിക്ക് ടി.വി ചാനൽ പ്രവർത്തകർ "ഞങ്ങളിപ്പോൾ നിൽക്കുന്നത് ഒരു ടെററിസ്റ്റ് യൂണിവേഴ്സിറ്റിയിലാണ്" എന്ന് അധിക്ഷേപിച്ച് തത്സമയ സംപ്രേക്ഷണം നടത്താൻ ശ്രമിച്ചു. ഈ നീക്കം വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കുകയും സംഘർഷത്തിന് വഴിവെക്കുകയും ചെയ്തു.

വട്ടമിട്ട് ആർ.എസ്.എസും ഇമ ചിമ്മാതെ വിദ്യാർത്ഥികളും

മറുഭാഗത്ത് അജയ് സിംഗിന്റെ നേതൃത്വത്തിലുള്ള എ.ബി.വി.പി പ്രവർത്തകർ മുഖ്യ കവാടമായ ബാബാ സയ്യിദിലേക്ക് ഇരച്ച് കയറുകയും രജിസ്ട്രാർ ഓഫീസ് പ്രവർത്തനം സ്തംഭിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ യൂണിയന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ വിദ്യാർത്ഥികളും എ.ബി.വി.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. അപ്പോഴാണ് തോക്കുധാരികളായ എ.ബി.വി.പി പ്രവർത്തകരിൽപ്പെട്ട ഒരാൾ വെടിയുതിർക്കുകയും സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തത്. അതിനെതിരിൽ വിദ്യാർത്ഥികൾ എ.ബി.വി.പി പ്രവർത്തകന്റെ ബൈക്ക് കത്തിച്ചു.

പ്രസ്തുത സംഭവം പ്രധാനമായും രണ്ട് സൂചനകളാണ് നൽകുന്നത്. ഒന്ന്, കേവല യാദൃശ്ചികതക്കപ്പുറം ആസൂത്രിതമായ തിരക്കഥക്കാണ് സംഘപരിവാറും റിപ്പബ്ലിക്ക് ചാനലും നേതൃത്വം നൽകിയത്. രണ്ട്, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കലാപത്തിനായുള്ള കോപ്പ് കൂട്ടലും. സംഭവത്തിന്റെ നിജസ്ഥിതി ഇങ്ങനെയാണെങ്കിലും പിന്നീടുണ്ടായ സംഭവ വികാസങ്ങൾ തീർത്തും ഏകപക്ഷീയമാണെന്ന് പറയാം. യുവമോർച്ച അലീഗഢ് ജില്ലാ അദ്ധ്യക്ഷൻ മുകേഷ് സിംഗ് ലോധി ജില്ലാ മജിസ്ട്രേറ്റിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും 14 വിദ്യാർത്ഥികൾക്കെതിരിൽ രാജ്യദ്രോഹത്തിന് കേസെടുക്കുകയും ചെയ്തു.

എഫ്.ഐ.ആറിൽ പരാമർശിച്ച പലരും തത്സമയത്ത് പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാത്തവരായിരുന്നു. പ്രസ്തുത എഫ്.ഐ.ആറിൽ പരാമർശിക്കുന്ന മുൻ എ.എം.യു യൂണിയൻ പ്രസിഡന്റ് മസ്ഖൂർ അഹമ്മദ് ഉസ്മാനി ഡൽഹിയിലായിരുന്നിട്ട് പോലും വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ കേസിൽ ഉൾപ്പെടുത്തുകയായിരുന്നു. മറുഭാഗത്ത് വിദ്യാർത്ഥി യൂണിയൻ സമർപ്പിച്ച എഫ്.ഐ.ആർ ഇതുവരെ സ്വീകരിച്ചതുമില്ല.

ഖേദകരമാണ് സർവ്വകലാശാല അധികൃതരുടെ നിലപാട്. സംഘ്പരിവാർ ശക്തികളുടെ രാഷ്ട്രീയ താൽപര്യങ്ങൾ മനസ്സിലാക്കാൻ കഴിയാതെ മൂന്ന് ദിവസങ്ങളായി സമരം ചെയ്ത് വരുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി കൈകൊള്ളുകയാണ് അധികൃതർ ചെയ്തത്. ഇതിനകം എട്ട് വിദ്യാർത്ഥികളെ യൂണിവേഴ്സിറ്റിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഇതിൽ നാല് പേർ എ.ബി.വി.പി പ്രവർത്തകരാണ്.

വട്ടമിട്ട് ആർ.എസ്.എസും ഇമ ചിമ്മാതെ വിദ്യാർത്ഥികളും

മുമ്പും പല പ്രശ്നങ്ങളിലും അകപ്പെട്ട എ.ബി.വി.പി പ്രവർത്തകർക്കും മറ്റു നാല് വിദ്യാർത്ഥികൾക്കുമെതിരിൽ ഒരേപോലെ സസ്പെൻഷൻ നടപടി സ്വീകരിച്ചതിനെ വിദ്യാർത്ഥികൾ രൂക്ഷ ഭാഷയിലാണ് വിമർശിക്കുന്നത്. സമരമുഖത്തുള്ള യൂണിയൻ മൂന്ന് ആവശ്യങ്ങളാന്ന് മുന്നോട്ട് വെക്കുന്നത്. ഒന്ന്, 14 വിദ്യാർത്ഥികൾക്കെതിരെയുള്ള രാജ്യദ്രോഹ കുറ്റം പിൻവലിക്കുക. രണ്ട്, സസ്പെൻഷനിലുള്ള നാല് വിദ്യാർത്ഥികളെ തിരിച്ചെടുക്കുകയും എ.ബി.വി.പി പ്രവർത്തകരുടെ സസ്പെൻഷൻ ആജീവനാന്ത വിലക്കാക്കി മാറ്റുകയും ചെയ്യുക. മൂന്ന്, യൂണിയൻ നൽകിയ എഫ്.ഐ.ആർ സ്വീകരിക്കാൻ പൊലീസ് അധികാരികൾ തയ്യാറാവുക.

വട്ടമിട്ട് ആർ.എസ്.എസും ഇമ ചിമ്മാതെ വിദ്യാർത്ഥികളും

വിഷയത്തിൽ വൈസ് ചാൻസ്‍ലർ താരിഖ് മൻസൂർ പാലിക്കുന്ന മൗനത്തെ വിദ്യാർത്ഥി സമൂഹം ആശങ്കയോടെയാണ് നോക്കി കാണുന്നത്. എന്നിരുന്നാലും ഐക്യദാർഢ്യം പ്രഖാപിച്ച് രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ ഉയരുന്ന പ്രതിഷേധ സംഗമങ്ങൾ സമരത്തിന് പ്രതീക്ഷയും കരുത്തും നൽകുന്നത് തന്നെയാണ്.

(അലീഗഢ് മുസ്‌ലിം സർവകലാശാല പി.ജി വിദ്യാർത്ഥികളായ അഹമ്മദ് യാസീന്‍, മുബഷിർ. എം എന്നിവരാണ് ലേഖകർ )