LiveTV

Live

National

ഭീകരാക്രമണം നടന്നത് മുന്നറിയിപ്പ് നിലനിൽക്കെ; സി.ആർ.പി.എഫ് മേധാവികൾക്ക് രഹസ്യ സർക്കുലര്‍ നൽകിയിരുന്നു

കുഴിബോംബ് അടക്കമുള്ളവ സൈന്യത്തിന് നേരെ പ്രയോഗിക്കുമെന്നുള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധ വേണമെന്നുമായിരുന്നു നിർദ്ദേശിച്ചിരുന്നത്.

ഭീകരാക്രമണം നടന്നത് മുന്നറിയിപ്പ് നിലനിൽക്കെ; സി.ആർ.പി.എഫ് മേധാവികൾക്ക് രഹസ്യ സർക്കുലര്‍ നൽകിയിരുന്നു

ജമ്മുകശ്മീരിൽ ബോംബാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. മുന്നറിയിപ്പ് വിവിധ സി.ആർ.പി.എഫ് മേധാവികൾക്ക് നൽകിയ രഹസ്യ സർക്കുലറിലും വ്യക്തമാക്കിയിരുന്നു. ഈ മാസം 8നാണ് ഇത്തരത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നത്. അതേസമയം ജമ്മുകശ്മീരിൽ ചാവേർ ആക്രമണം നടത്തുമെന്ന് ജയ്ഷേ ഭീകരരും രണ്ടുദിവസം മുമ്പ് ഭീഷണി മുഴക്കിയിരുന്നതായാണ് റിപ്പോർട്ടുകൾ.

ജമ്മുകശ്മീരിലെ വിവിധ സോണുകളിൽ ഉള്ള സി.ആർ.പി.എഫ് മേധാവികൾക്ക് ബോംബാക്രമണം സംബന്ധിച്ചുള്ള ജാഗ്രത നിർദേശം നൽകിയിരുന്നു. നിയോഗിച്ചിരിക്കുന്ന സ്ഥലത്ത് അതീവ ജാഗ്രത പുലർത്തണമെന്നും കുഴിബോംബ് അടക്കമുള്ളവ സൈന്യത്തിന് നേരെ പ്രയോഗിക്കുമെന്നുള്ളതിനാൽ അക്കാര്യത്തിൽ ശ്രദ്ധ വേണമെന്നുമായിരുന്നു നിർദ്ദേശിച്ചിരുന്നത്. ഈ മാസം എട്ടിനാണ് ഇത്തരത്തിലൊരു നിർദ്ദേശം അടിയന്തര പ്രാധാന്യം കല്‍പിച്ച് മേധാവികൾക്ക് നൽകിയത്.

കൂടാതെ രണ്ട് ദിവസം മുമ്പ് ഭീകരർ പുറത്തുവിട്ട വീഡിയോയിൽ കശ്മീരിൽ ചാവേറാക്രമണം നടത്തുമെന്ന ഭീഷണിയും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഉപയോഗിച്ച് നടന്ന അഫ്ഗാനിസ്ഥാനിലെ ചാവേർ ആക്രമണവും വീഡിയോയിൽ ഉണ്ടായിരുന്നു. പിന്നീട് ക്രിമിനൽ അന്വേഷണ വിഭാഗം ഈ വീഡിയോ പരിശോധിക്കുകയും ഇൻറലിജൻസ് വിഭാഗത്തിന് വിവരം കൈമാറുകയും ചെയ്തു. എന്നാൽ ഇതിൽ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നതിന് വ്യക്തതയില്ല.

അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തി. പാകിസ്ഥാൻ നിയന്ത്രിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരനാണ് ആക്രമണത്തിനു പിന്നിലെന്നും സ്വന്തം രാജ്യത്ത് പ്രവർത്തിക്കുന്ന ഭീകര സംഘടനകളെ നിയന്ത്രിക്കാൻ പാകിസ്ഥാൻ തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇത്തരം തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്താൻ അന്തരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.