LiveTV

Live

National

ജവാന്‍മാരുടെ വീരമൃത്യുവിനെ പ്രിയങ്ക വാദ്ര ചിരിച്ച് അപമാനിച്ചോ ? ആ വീഡിയോയുടെ സത്യം ഇതാണ്...

വാര്‍ത്താസമ്മേളനത്തിനിടെ പ്രിയങ്ക വാദ്ര ചിരിക്കുകയായിരുന്നു. ഇങ്ങനെയും കഴുകന്‍മാര്

ജവാന്‍മാരുടെ വീരമൃത്യുവിനെ പ്രിയങ്ക വാദ്ര ചിരിച്ച് അപമാനിച്ചോ ? ആ വീഡിയോയുടെ സത്യം ഇതാണ്...

ജമ്മു കശ്‍മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 44 ജവാന്‍മാര്‍ കൊല്ലപ്പെട്ടതോര്‍ത്ത് രാജ്യം വിതുമ്പുമ്പോള്‍ പ്രിയങ്ക ഗാന്ധി ചിരിക്കുകയായിരുന്നുവെന്നാണ് ട്വിറ്ററില്‍ ഒരു സംഘം പ്രചരിപ്പിക്കുന്നത്. ''വാര്‍ത്താസമ്മേളനത്തിനിടെ പ്രിയങ്ക വാദ്ര ചിരിക്കുകയായിരുന്നു. ഇങ്ങനെയും കഴുകന്‍മാര്‍'' എന്ന അടിക്കുറുപ്പോടെയാണ് അങ്കൂര്‍ സിങ് എന്നയാള്‍ ട്വിറ്ററില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നത്. പതിനൊന്ന് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ 'വളരെയധികം നന്ദി' എന്ന് പ്രിയങ്ക പറയുന്നത് എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.

ഇതാണ് വാസ്തവം

രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് പ്രിയങ്ക ഗാന്ധി വാര്‍ത്താസമ്മേളനം വിളിച്ചത്. എന്നാല്‍ പുല്‍വാമ സംഭവം അറിഞ്ഞതോടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്ന് പ്രിയങ്ക തീരുമാനിക്കുകയായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച പ്രിയങ്ക, ദുഖത്തില്‍ പങ്കുചേര്‍ന്ന് രണ്ടു മിനിറ്റ് മൌനമാചരിക്കാനും ആവശ്യപ്പെടുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ നിന്ന് മുറിച്ചെടുത്ത 11 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഭാഗമാണ് ദുരുദ്ദേശത്തോടെ രാഷ്ട്രീയവൈര്യം തീര്‍ക്കാന്‍ വേണ്ടി അങ്കൂര്‍ പ്രചരിപ്പിച്ചത്. ഇത് പിന്നീട് വ്യാപകമായി നവമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

പ്രിയങ്കയുടെ വാക്കുകള്‍ - '' ചില രാഷ്ട്രീയ വിഷയങ്ങള്‍ പങ്കുവെക്കാനാണ് ഈ വാര്‍ത്താസമ്മേളനം വിളിച്ചത്. പക്ഷെ, പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ നമ്മുടെ ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ല. ജവാന്‍മാരുടെ കുടുംബത്തോട് എനിക്ക് പറയാനുള്ളത്, ഈ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നാണ്.''. ഇതിന് ശേഷം എല്ലാവര്‍ക്കും വളരെയധികം നന്ദി എന്ന് പറയുന്ന ഭാഗമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത്. ഏറെ രാഷ്ട്രീയപ്രാധാന്യമുണ്ടായിരുന്ന വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയം പറയാതെ പ്രിയങ്ക കൈക്കൊണ്ട നിലപാട് മാതൃകയാക്കേണ്ടിടത്താണ് ഈ വ്യാജ പ്രചാരണം. ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന പ്രൊഫൈലാണ് അങ്കൂര്‍ സിങ്.