LiveTV

Live

National

അലിഗ‍ഡ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ്

ഹിന്ദു - മുസ്ലീം സംഘര്‍ഷമെന്ന ആരോപണം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ തയ്യാറെടുപ്പാണെന്നും മതത്തിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും..

അലിഗ‍ഡ്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യു.പി പൊലീസ്

അലിഗഡ് സര്‍വകലാശാലയിലെ പതിനാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി. വിദ്യാര്‍ത്ഥികള്‍ രാജ്യവിരുദ്ധമുദ്രാവാക്യം വിളിച്ചുവെന്ന യുവമോര്‍ച്ച നേതാവിന്‍റെ പരാതിയിലാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടി.വിയിലെ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതിന് പിന്നാലെയാണ് സംഭവം.

അസദുദ്ദീന്‍ ഒവൈസി അലിഗഡ് സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ വരുന്നതിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തിയതാണ് പ്രശ്നങ്ങളുടെ തുടക്കം. പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ റിപ്പബ്ലിക്ക് ടി.വി സംഘം സര്‍വകലാശാലയില്‍ എത്തിയപ്പോള്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതരും വിദ്യാര്‍ത്ഥികളും എതിര്‍ത്തു. ഈ വാക്കുതര്‍ക്കത്തിന് പിന്നാലെ സര്‍വകലാശാലയില്‍ വച്ച് ചില വിദ്യാര്‍ത്ഥികള്‍ തന്നെ ഉപദ്രവിച്ചെന്നും, വെടിയുതിര്‍ക്കുകയും രാജ്യവിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് യുവമോര്‍ച്ച നേതാവ് മുകേഷ് ലോധി പൊലീസില്‍ പരാതി നല്‍കി. ഈ പരാതിയിലാണ് അലിഗഡ് മുസ്ലീം സ്റ്റുഡന്‍റ്സ് യൂണിയന്‍ വൈസ് പ്രസിഡന്‍റ് ഹുംസ സുഫ്യാന്‍ അടക്കം പതിനാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളെ സസ്പെന്‍റ് ചെയ്തതായി അലിഗഡ് സര്‍വകലാശാല അധികൃതരും അറിയിച്ചു. എന്നാല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്കെതിരെ അലിഗഡിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടില്ല. ഹിന്ദു - മുസ്ലീം സംഘര്‍ഷമെന്ന ആരോപണം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബി.ജെ.പിയുടെ തയ്യാറെടുപ്പാണെന്നും മതത്തിന്‍റെ പേരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അലിഗഡ‍് വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സര്‍വകലാശാലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.