LiveTV

Live

National

‘വൻകിട വ്യവസായികൾക്ക്‌ കോടികൾ നൽകുന്ന മോദിക്ക് കർഷകർക്കും ആദിവാസികൾക്കും ചെലവാക്കാൻ പണമില്ല’; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

‘വൻകിട വ്യവസായികൾക്ക്‌ കോടികൾ നൽകുന്ന മോദിക്ക് കർഷകർക്കും ആദിവാസികൾക്കും ചെലവാക്കാൻ പണമില്ല’; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൻകിട വ്യവസായികൾക്ക്‌ കോടികൾ നൽകുന്ന മോദിക്ക് കർഷകർക്കും ആദിവാസികൾക്കും വേണ്ടി ചെലവാക്കാൻ പണമില്ല. അവരുടെ 30,000 കോടിയാണ് അനില്‍ അംബാനിക്ക് നല്‍കിയത്. ചെറുകിട കര്‍ഷകരെ മോദി കള്ളനെ പോലെയാണ് കണ്ടതെന്നും രാഹുല്‍ വിമര്‍ശിച്ചു. ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടാനും രാജസ്ഥാന്‍ സന്ദര്‍ശിച്ച രാഹുൽ ഗാന്ധി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

തെക്കന്‍ ഗുജറാത്തിലെ ആദിവാസി ന്യൂനപക്ഷ മേഖലയായ വല്‍സദായിരുന്നു കോണ്‍ഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനത്തിന് വേദിയായി തെരഞ്ഞെടുത്തത്. 1980, 85 കാലങ്ങളിൽ ഇന്ദിരാഗന്ധിയും രാജീവ് ഗാന്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് വല്‍സദില്‍ നിന്നായിരുന്നു. ജന്‍ ആക്രോശ് റാലിയെ അഭിസംബോധനം ചെയ്ത രാഹുൽ ഗാന്ധി രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രിക്കെതിരെ ഉന്നയിച്ചത്.

അവകാശ വാദങ്ങള്‍ നടത്തുന്നതല്ലാതെ ബി.ജെ.പി കര്‍ഷകര്‍ക്കും ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി ഒന്നും ചെയ്തില്ല. കര്‍ഷകന്‍ രാജ്യത്താകമാനം കടം എഴുതിതള്ളാന്‍ കേഴുമ്പോള്‍ 30,000 കോടി അനില്‍ അംബാനിയുടെ പോക്കറ്റില്‍ എത്തിച്ചു. ബാങ്ക് വായ്പയെടുത്ത നീരവ് മോദിയും മല്ല്യയും അടക്കമുള്ളവര്‍ രാജ്യം വിട്ടു. ജി.എസ്.ടി വഴി ഇടത്തരം കച്ചവടക്കാരെ ചൂഷണം ചെയ്തു. അതിനാലാണ് നാം കാവല്‍ക്കാരനെ കള്ളനെന്നത് വിളിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകടം എഴുതി തള്ളും. അധികാരത്തിലേറിയ 3 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കര്‍ഷക കടം എളുതി തള്ളിയിരുന്നു. യഥാര്‍ത്ഥ ജി.എസ്.ടി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പായി പ്രവർത്തക സമിതി യോഗം സംസ്ഥാനത്ത് ചേരാനും ആലോചനയുണ്ട്. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് എത്തുന്നത്. ആർ.എസ്.എസ് പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ട് നേരിടാനും രാഹുല്‍ ആഹ്വാനം ചെയ്തു.

രാവിലെ രാജസ്ഥാനിലെ അജ്മീല്‍ സേവാദളിന്റെ രാഷ്ട്രീയ മഹാ അധിനിവേശ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. പരാജയ ഭയം ഉള്ളിലുള്ളതിനാലാണ് ബി.ജെ.പിയും ആര്‍.എസ്.എസും വെറുപ്പ് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒറ്റ മതമെന്ന ആശയം പ്രചരിപ്പിക്കുന്ന ആര്‍.എസ്.എസ്, മതത്തിന്റെ പേരിൽ ജനത്തെ ഭിന്നിപ്പിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.