LiveTV

Live

National

റഫാല്‍ അഴിമതിയാരോപണം തെരഞ്ഞെടുപ്പിലെ മുഖ്യപ്രചരണ വിഷയമാകും

റഫാലിലെ അഴിമതി തുറന്നുകാട്ടി പ്രധാനമന്ത്രിയെ ഉന്നമിട്ട് പ്രചാരണം നടത്തുമെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. 

റഫാല്‍ അഴിമതിയാരോപണം തെരഞ്ഞെടുപ്പിലെ മുഖ്യപ്രചരണ വിഷയമാകും

റഫാല്‍ അഴിമതിയാരോപണം തന്നെയാകും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യപ്രചരണ വിഷയം. റഫാലിലെ അഴിമതി തുറന്നുകാട്ടി പ്രധാനമന്ത്രിയെ ഉന്നമിട്ട് പ്രചാരണം നടത്തുമെന്ന് രാഹുല്‍ വ്യക്തമാക്കിക്കഴിഞ്ഞു. എന്നാല്‍ ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്ന സി.എ.ജി റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടിയാകും ബി.ജെ.പിയുടെ പ്രതിരോധം.

മോദി തരംഗത്തിലേറിയായിരുന്നു 2014ല്‍ ബിജെപിയുടെ കുതിപ്പ്. അഞ്ച് വര്‍ഷത്തിനിപ്പുറം ആ തരംഗം ഇല്ല. നരേന്ദ്ര മോദിയുടെ അഴിമതി രഹിത പ്രതിച്ഛായയെ തകര്‍ക്കാന്‍ റഫാലിലൂടെ കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ പൊതുതെരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം, തൊഴിലില്ലായ്മ തുടങ്ങിയവക്കൊപ്പം കോണ്‍ഗ്രസിന്റെ മുഖ്യ ആയുധം റഫാല്‍ അഴിമതി തന്നെയാകും. ഉന്നം മോദി തന്നെ. മുദ്രാവാക്യം കാവല്‍ക്കാരന്‍ കള്ളനെന്നും.

റഫാലിനെ വിടാതെ പിന്തുടര്‍ന്ന് ബി.ജെ.പിയെയും മോദിയെയും കടന്നാക്രമിക്കാന്‍ രാഹുല്‍ ഗാന്ധിക്കായിട്ടുണ്ട്. ഒന്നിന് പിറകെ ഒന്നായി പുതിയ വെളിപ്പെടുത്തലുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ബി.ജെ.പിയെ പ്രതിരോധത്തിലാക്കുകയും ചെയ്തു. എന്നാല്‍ സി.എ.ജി റിപ്പോര്‍ട്ട് ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പിടിവള്ളിയായി. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഉന്നയിച്ച ആരോപണങ്ങള്‍ സി.എ.ജി റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളഞ്ഞു.ലോക്സഭ സമ്മേളനം അവസാനിച്ചതോടെ റഫാല്‍ മുന്‍നിര്‍ത്തിയുള്ള ആരോപണ-പ്രത്യാരോപണങ്ങളും ഇനി തെരുവിലേക്ക് നീങ്ങും.