LiveTV

Live

National

ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധര്‍ണ

ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ധർണ ഇപ്പോഴും തുടരുകയാണ്.

ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ധര്‍ണ

സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാൻ അനുവദിക്കാത്ത ഗവർണർ കിരൺ ബേദിയുടെ നിലപാടിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ മുഖ്യമന്ത്രി വി.നാരായണ സ്വാമിയുടെ നേതൃത്വത്തിൽ ധർണ സമരം. ഗവർണറുടെ വസതിയ്ക്ക് മുൻപിലാണ് സമരം. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ധർണ ഇപ്പോഴും തുടരുകയാണ്. എന്നാൽ, രാവിലെ ദ്രുതകർമ സേനയെ എത്തിച്ച് സുരക്ഷ വർധിപ്പിച്ച ശേഷം കിരൺ ബേദി ഡൽഹിയ്ക്ക് പോയി. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്.

കറുത്ത വസ്ത്രങ്ങൾ അണിഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എം.എൽ.എമാരും കോൺഗ്രസ്- ഡി.എം.കെ നേതാക്കളും സമരത്തിനുണ്ട്. സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ ഗവർണർ അനുവദിക്കുന്നില്ലെന്നും സംസ്ഥാന ഭരണത്തിൽ നിയമവിരുദ്ധമായ ഇടപെടൽ ഇവർ നടത്തുകയാണെന്നും മുഖ്യമന്ത്രി വി.നാരായണസ്വാമി ആരോപിക്കുന്നു.

സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച മുപ്പത് പദ്ധതികൾക്ക് കൂടി ഗവർണർ അനുമതി നിഷേധിച്ചതോടെയാണ് പ്രത്യക്ഷ സമരവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇറങ്ങിയത്. ഗവർണറുടെ വീടിന് മുൻപിൽ നടക്കുന്ന ധർണ ഇപ്പോഴും തുടരുകയാണ്. പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്ക് അനുമതി നൽകും വരെ സമരം തുടരാനാണ് തീരുമാനം. ഇന്നലെ ഉച്ചമുതൽ ഗവർണർ കിരൺ ബേദിയ്ക്ക് വീട്ടിൽ നിന്നും പുറത്തിറക്കാൻ സാധിച്ചിരുന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് കടയടപ്പ് സമരവും പണിമുടക്കും ആഹ്വാനം ചെയ്തിട്ടുണ്ട്. രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞത് അൽപസമയം സംഘർഷത്തിനിടയാക്കി. പിന്നീട് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.