LiveTV

Live

National

പ്രധാനമന്ത്രിയാകാന്‍ മോദിയെക്കാള്‍ ആയിരം മടങ്ങ് യോഗ്യന്‍ കേജ്‍രിവാളാണെന്ന് ചന്ദ്രബാബു നായിഡു

അദ്ദേഹത്തിന് താന്‍ എവിടെ നിന്നാണ് ഡിഗ്രിയെടുത്തതെന്ന് അറിയാം. എന്നാല്‍ പ്രധാനമന്ത്രിക്കറിയില്ല, കാരണം അദ്ദേഹത്തിന് ഡിഗ്രി വിദ്യാഭ്യാസമില്ല.

പ്രധാനമന്ത്രിയാകാന്‍ മോദിയെക്കാള്‍ ആയിരം മടങ്ങ് യോഗ്യന്‍ കേജ്‍രിവാളാണെന്ന് ചന്ദ്രബാബു നായിഡു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ മോദിയെക്കാള്‍ ആയിരം മടങ്ങ് യോഗ്യന്‍ ഡല്‍ഹി മുഖ്യമന്ത്രി കേജ്‍രിവാളാണെന്ന് അദ്ദേഹം പറഞ്ഞു. മോദിയെക്കാള്‍ ആയിരം മടങ്ങ് കാര്യശേഷിയുള്ള ആളാണ് കേജ്‍രിവാള്‍. അദ്ദേഹത്തിന് താന്‍ എവിടെ നിന്നാണ് ഡിഗ്രിയെടുത്തതെന്ന് അറിയാം. എന്നാല്‍ പ്രധാനമന്ത്രിക്കറിയില്ല, കാരണം അദ്ദേഹത്തിന് ഡിഗ്രി വിദ്യാഭ്യാസമില്ല.

ചുരുങ്ങിയ അധികാര പരിധിക്കുള്ളില്‍ നിന്നു കൊണ്ട് കേജ്‍രിവാള്‍ അത്ഭുതകരമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചതെന്നും നായിഡു പറഞ്ഞു. രാജ്യം അപകടകരമായ അവസ്ഥയിലാണ്. അതുകൊണ്ട് നാടിനെ സംരക്ഷിക്കണം. ജനാധിപത്യം ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും എ.പി മുഖ്യമന്ത്രി പറഞ്ഞു.

പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെ ഇനിയൊരിക്കലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കരുതെന്ന് കേജ്‍രിവാള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ റാലിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ തവണ നിങ്ങള്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത് ഒരു പന്ത്രണ്ടാം ക്ലാസുകാരനെയാണെന്നും അദ്ദേഹത്തിന് എവിടെയെല്ലാമാണ് താന്‍ ഒപ്പിടുന്നതെന്ന് മനസിലാകില്ലെന്നുമായിരുന്നു കേജ്‍രിവാളിന്റെ പ്രസ്താവന.