LiveTV

Live

National

ബി.ജെ.പിയെ തുരത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നൽകി യെച്ചൂരി

തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങൾ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. 

ബി.ജെ.പിയെ തുരത്താന്‍ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നൽകി യെച്ചൂരി

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന സൂചന നൽകി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ സാധ്യമായ എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷ സഖ്യങ്ങൾ വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി പറഞ്ഞു. ഇ.അഹമ്മദ് അനുസ്മരണ വേദിയിലായിരുന്നു നേതാക്കളുടെ പ്രതികരണം. പരിപാടിക്ക് പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളെല്ലാം എത്തിയിരുന്നു.

പശ്ചിമ ബംഗാളിൽ കോണ്‍ഗ്രസ്- സി.പി.എം ധാരണയ്ക്കായി നീക്കങ്ങൾ സജീവമാകുന്നതിനിടെയാണ് സീതാറാം യെച്ചൂരിയുടെയും എ.കെ ആന്റണിയുടെയും പ്രതികരണങ്ങള്‍. ബി.ജെ.പിയെ പരാജയപ്പെടുത്താൻ മതേതര പാർട്ടികളുടെ സഖ്യം ഉണ്ടാക്കണമെന്നായിരുന്നു ആന്റണിയുടെ ആവശ്യം. സഖ്യം സാധ്യമല്ലെങ്കിൽ മാത്രം സംസ്ഥാനങ്ങളിൽ പരസ്പരം മത്സരിക്കാമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന സൂചനയാണ് തൊട്ടു പിന്നാലെ പ്രസംഗ പീഡത്തിലെത്തിയ യെച്ചൂരി നൽകിയത് .

2004ൽ കോണ്‍ഗ്രസിനെ തോൽപ്പിച്ച് എത്തിയ 57 ഇടത് അംഗങ്ങൾ യു.പി.എ സർക്കാരിന് പിന്തുണ നൽകിയത് ഓർമ്മിച്ചു കൊണ്ടായിരുന്നു യെച്ചൂരി ഇക്കാര്യം പറഞ്ഞത്. ബി.ജെ.പിയെ അധികാരത്തിൽ നിന്നിറക്കാൻ പ്രതിപക്ഷ കൂട്ടായ്മ ഒരുങ്ങുന്നതായി ശരദ് യാദവും ജെ.ഡി.എസ് നേതാവ് ഡാനിഷ് അലിയും കൂട്ടിച്ചേർത്തു. പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയിലായിരുന്നു അനുസ്മരണ സമ്മേളനം. 7 പ്രതിപക്ഷ പാർട്ടി നേതാക്കൾ പരിപാടിക്കെത്തിയിരുന്നു.