LiveTV

Live

National

റഫാല്‍ വിമാനങ്ങള്‍ വൈകുമെന്ന് വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി

വിമാനം ലഭ്യമാക്കുന്നതില്‍ നേരത്തേയുള്ള കരാറാണ് മികച്ചത്. ഉദ്യോഗസ്ഥരുടെ വിയോജന കുറിപ്പിൽ ഇത് വ്യക്തമാണെന്ന് രാഹുല്‍

റഫാല്‍ വിമാനങ്ങള്‍ വൈകുമെന്ന് വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി

പുതിയ വെളിപ്പെടുത്തലുകള്‍ക്കും സി.എ.ജി റിപ്പോര്‍ട്ടിനും പിന്നാലെ റഫാലില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യക്ക് വിമാനം ലഭിക്കുന്നത് കൂടുതല്‍ വൈകിപ്പിക്കും വിധമാണ് മോദീ കാലത്തെ കരാര്‍ എന്ന് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് തെളിയിക്കുന്നു. റഫാലില്‍ അഴിമതി ഇല്ലെങ്കില്‍ ജെ.പി.സി അന്വേഷണത്തെ ഭയക്കുന്നത് എന്തിനെന്നും രാഹുല്‍ ചോദിച്ചു.

വ്യോമസേനയില്‍ നിന്ന് 30000 കോടി എടുത്ത് അനില്‍ അംബാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയെന്ന ആരോപണം ആവര്‍ത്തിച്ചായിരുന്നു രാഹുല്‍ ഇന്നും വാര്‍ത്താസമ്മേളനം നടത്തിയത്. വിമാനങ്ങളുടെ അടിസ്ഥാന വിലയേക്കാള്‍ 55 ശതമാനം അധികം തുകക്കാണ് ഇപ്പോള്‍ കരാറുണ്ടാക്കിയത്. 10 വര്‍ഷം കഴിഞ്ഞ് വിമാനം ലഭിക്കുമ്പോള്‍ ഈ വില വീണ്ടും ഉയരും. 126 വിമാനങ്ങളെ 36 ആക്കി ചുരുക്കിയിട്ടും കരാര്‍ തുക കുറഞ്ഞില്ലെന്ന് സമ്മതിക്കും വിധമാണ് സി.എ.ജി റിപ്പോര്‍ട്ട് പോലുമുള്ളതെന്നും രാഹുല്‍ പറഞ്ഞു.

കരാര്‍ തുക സംബന്ധിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ അടക്കമുള്ളവര്‍ സഭയില്‍ നുണപറഞ്ഞന്നാണ് സി.എ.ജി റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ഇടപാടില്‍ ഇന്ത്യന്‍ ചര്‍ച്ചാ സംഘത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥരുടെ വിയോജനക്കുറിപ്പ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വെച്ചിരുന്നോ എന്ന് രാഹുല്‍ ചോദിച്ചു. റഫാലില്‍ അഴിമതിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. ആത്മനിന്ദ പേറിയാണ് മോദി സഭയില്‍ പോലും ഇരിക്കുന്നത്. ചൌക്കിദാറെന്ന് ഗ്രാമങ്ങളില്‍ പോയി വിളിച്ചാല്‍ ചോര്‍ എന്ന് അവര്‍ ഏറ്റുവിളിക്കുമെന്നും രാഹുല്‍‌ പറഞ്ഞു.