LiveTV

Live

National

റഫാല്‍ ക്രമക്കേടില്‍ പുതിയ തെളിവുകള്‍ പുറത്ത്

ധാരണാപത്രം ഒപ്പിട്ട ശേഷം അന്തിമ കരാറിന് മൂന്ന് മാസം മുന്‍പാണ് വിയോജനക്കുറിപ്പ് കൈമാറിയത് എങ്കിലും ഇവ അവഗണിക്കപ്പെട്ടു

റഫാല്‍ ക്രമക്കേടില്‍ പുതിയ തെളിവുകള്‍ പുറത്ത്

റഫാല്‍ ഇടപാടില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തല്‍. വിലയുടെയും കൈമാറ്റ സമയത്തിന്റെയും കാര്യത്തില്‍ യു.പി.എ കാലത്തെ കരാറിനേക്കാള്‍ മോശമാണ് എന്‍.ഡി.എ കരാറെന്ന് ഇന്ത്യന്‍ കൂടിയാലോചന സംഘത്തിലെ മൂന്ന് വിദഗ്ധര്‍‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ട് ഒപ്പിട്ട കരാറില്‍ കടുത്ത വിയോജനം രേഖപ്പെടുത്തിയ വിദഗ്ധരുടെ കുറിപ്പുകള്‍ ദ ഹിന്ദു ദിനപ്പത്രം പുറത്തുവിട്ടു. കരാര്‍ സംബന്ധിച്ച പ്രധാനമന്ത്രിയുടെ അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

റഫാല്‍ ഇടപാടിനായി ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയിരുന്ന വിദഗ്ധ സംഘത്തിലെ മൂന്ന് പേരാണ് പ്രധാനമന്ത്രി അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ക്കെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. സംഘത്തിലെ കോസ്റ്റ് അഡ്വൈസര്‍ എം.പി സിങ്, വ്യോമസേനയുടെ ഫിനാന്‍ഷ്യല്‍ മാനേജര്‍ എ.ആര്‍ സുലെ, അക്വിസിഷന്‍ മാനേജര്‍ രാജീവ് വര്‍മ്മ എന്നിവരാണ് കരാറില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

പ്രധാന വിയോജിപ്പുകള്‍ ഇങ്ങനെ:

യു.പി.എ കാലത്തെ അടിസ്ഥാന വിലയെക്കാള്‍ 55.6 ശതമാനം കൂടുതലാണ് എ.ന്‍.ഡിഎ കരാറിലെ വില. യു.പി.എ വില 5.06 ബില്യണ്‍ യൂറോ. നിലവിലേത് 7.87 ബില്യണ്‍ യൂറോ. യുപിയ കരാറിലെ വില നിശ്ചിതമായിരുന്നെങ്കില്‍ എന്‍.ഡി.എ വില മാറ്റങ്ങള്‍ക്ക് വിധേയമായിരിക്കും. അതായത് വിമാനം കൈമാറുന്ന സമയത്തെ നിര്‍മാണച്ചെലവ്, എക്സ്ചേഞ്ച് റേറ്റ് അടക്കമുള്ള ഘടകങ്ങള്‍ക്കനുസരിച്ച് വര്‍ധിക്കാം.

യു.പി.എയുടെ വില ബാങ്ക് ഗ്യാരന്റിയുടെ മൂല്യം കൂടി ഉള്‍പ്പെട്ടതാണ്. എന്‍.ഡി.എ കരാറില്‍ ബാങ്ക് ഗ്യാരന്റി ഒഴിവാക്കി. വിമാനത്തിന്റെ കാര്യത്തില്‍ യു.പി.എ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ചെങ്കിലും ആധുനികവത്കരണം എന്ന പേരില്‍ ഇവക്കും അധിക പണം ഈടാക്കി.

കരാറൊപ്പിട്ട് 36 മുതല്‍ 48 മാസത്തിനകം വിമാനം കൈമാറുമെന്നാണ് യു.പി.എ കരാറിലെ വ്യവസ്ഥയെങ്കില്‍ എന്‍.ഡി.എ കരാറില്‍ അത് 36 മുതല്‍ 57 മാസമായി വര്‍ധിച്ചു. ഇന്ത്യയില്‍ എത്തിച്ച ശേഷം നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍ക്കുള്ള സമയം കൂടി പരിഗണിച്ചാല്‍ ഇത് 67 മാസമായി ഉയരും. ഇതിലും കൂടിയാലോചന സംഘത്തിലെ വിദഗ്ധര്‍ അതൃപ്തി രേഖപ്പെടുത്തി.

ധാരണാപത്രം ഒപ്പിട്ട ശേഷം അന്തിമ കരാറിന് മൂന്ന് മാസം മുന്‍പാണ് വിയോജനക്കുറിപ്പ് കൈമാറിയത്. എന്നാല്‍ ഇവ അവഗണിക്കപ്പെട്ടെന്ന് വ്യക്തം. കുറഞ്ഞ വില, വേഗത്തിലെ കൈമാറ്റം എന്നിങ്ങനെ സര്‍ക്കാറിന്റെ രണ്ട് പ്രധാന അവകാശവാദങ്ങളെയും ചോദ്യം ചെയ്യുന്നതാണ് വിയോജനക്കുറിപ്പുകള്‍. പ്രധാനമന്ത്രിയുടെ വാദങ്ങള്‍ ഇതോടെ പൊളിഞ്ഞെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.