LiveTV

Live

National

റഫാല്‍ ഇടപാട്: മോദി സര്‍ക്കാരിന് ആശ്വാസമായി സി.എ.ജി റിപ്പോര്‍ട്ട്

കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ കരാര്‍ മെച്ചപ്പെടുത്താമായിരുന്നുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

റഫാല്‍ ഇടപാട്: മോദി സര്‍ക്കാരിന് ആശ്വാസമായി സി.എ.ജി റിപ്പോര്‍ട്ട്

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ആശ്വാസമായി സി.എ.ജി റിപ്പോര്‍ട്ട്. കരാറിന്‍റെ മൊത്തം തുക സി.എ.ജിയുടെ അനുമാന വിലയേക്കാള്‍ കുറവാണെന്ന വാദമുയര്‍ത്തിയാണ് സര്‍ക്കാര്‍ അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്‍റെ ആവശ്യപ്രകാരം വിമാന വിലവിവരം റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ കരാര്‍ മെച്ചപ്പെടുത്താമായിരുന്നുവെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ധനകാര്യ സെക്രട്ടറിയായിരിക്കെ റഫാല്‍ ഇടപാടിലെ ക്രമക്കേടുകളില്‍ പങ്കാളിയായ ഉദ്യോഗസ്ഥനാണ് നിലവിലെ സി.എ.ജി എന്നും ഈ റിപ്പോര്‍ട്ട് സര്‍ക്കാരിനെ രക്ഷിക്കാനായി തയ്യാറാക്കിയതാണെന്നുമുള്ള പ്രതിപക്ഷ വിമര്‍ശനത്തിനിടെ ഇന്ന് രാജ്യസഭയിലാണ് സി.എ.ജി റിപ്പോര്‍ട്ട് വെച്ചത്. കാപിറ്റല്‍ അക്യുസഷന്‍ ഇന്‍‌ എയര്‍ഫോഴ്സ് എന്ന തലക്കട്ടോടെയുള്ള റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാരിന് ആശ്വാസമാകുന്ന കണ്ടെത്തലാണ് അധികവും. യു.പി.എ കാലത്തേതിനേക്കാള്‍ 2.86 ശതമാനം വിലക്കുറവാണ് ഇപ്പോഴത്തെ കരാറിനെന്ന് അനുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ സി.എ.ജി പറയുന്നു. വിമാനങ്ങളുടെ വ്യത്യസ്ത ഭാഗങ്ങളുടെ വില നോക്കുമ്പോള്‍ ഏഴെണ്ണത്തിന് മോദി സര്‍ക്കാര്‍ കാലത്ത് കൂടുതലാണ്. എന്നാല്‍ നാലെണ്ണത്തിന് കുറവും. രണ്ട് കരാറുകളിലും വിമാനത്തിന്‍റെ അടിസ്ഥാന വിലയുടെ കാര്യത്തില്‍ മാറ്റമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

മള്‍ട്ടി കോംപാക്ട് വിഭാഗത്തില്‍പ്പെട്ട വിമാനമാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. റഫാല്‍ കമ്പനിയാണ് ഇത്തരം വിമാനത്തിന് ഏറ്റവും കുറഞ്ഞ വില മുന്നോട്ട് വച്ചത്. യു.പി.എ കാലത്തെ 126 വിമാനങ്ങള്‍ക്കായുള്ള കരാര്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ 2015 മാര്‍ച്ച് 27ന് പ്രതിരോധ മന്ത്രാലയ സമിതി തള്ളിയിരുന്നു. ഈ കരാര്‍ പ്രകാരം ഇന്ത്യക്ക് വിമാനങ്ങള്‍ ലഭ്യമാകുന്നതിനേക്കാള്‍ വേഗത്തില്‍ മോദി കാലത്തെ കരാറില്‍ ലഭിക്കുമെന്നും 141 പേജുള്ള റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ദസോ ഏവിയേഷന്‍ പിറകോട്ട് പോകുന്നത് തടയാനായി വെക്കുന്ന ബാങ്ക് ഗ്യാരണ്ടി തുക മോദി സര്‍ക്കാര്‍‌ വേണ്ടന്ന് വെച്ചിട്ടുണ്ടെന്ന് സി.എ.ജി കണ്ടെത്തി.