LiveTV

Live

National

‘’ഹെല്‍മെറ്റ് എവിടെ?’’ ട്രാഫിക് ബോധവത്കരണത്തിനായി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി നേരിട്ടിറങ്ങിയപ്പോള്‍...

രണ്ടുമക്കളുമായി ടൂവീലറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കൈ കാണിച്ചു നിര്‍ത്തി, ‘’നിങ്ങള്‍ നാലുപേരും താഴെ വീഴും’’ എന്ന് ബേദി ആ യുവാവിനോടായി പറഞ്ഞു.

‘’ഹെല്‍മെറ്റ് എവിടെ?’’ ട്രാഫിക് ബോധവത്കരണത്തിനായി ലെഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി നേരിട്ടിറങ്ങിയപ്പോള്‍...

കിരണ്‍ ബേദി മുന്‍ ഐ.പി.എസ് ഓഫിസര്‍, പുതുച്ചേരി ലെഫ്. ഗവര്‍ണര്‍, പക്ഷേ, കഴിഞ്ഞ ദിവസം ട്രാഫിക് സുരക്ഷാ ബോധവത്കരണത്തിന്റെ തിരക്കിലായിരുന്നു ഈ വനിത. ദേശീയ റോഡ് സുരക്ഷാവാരത്തോട് അനുബന്ധിച്ചുള്ള കാമ്പയിനിന്റെ ഭാഗമായാണ് ബേദി റോഡിലിറങ്ങി വാഹനങ്ങള്‍ക്ക് കൈകാണിച്ചത്. തിരക്കുള്ള റോഡില്‍ ഇരുചക്രയാത്രികരെ കൈ കാണിച്ച് നിര്‍ത്തി, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതിനെ അവര്‍ ശാസിച്ചു.

ഇതിന്റെ വീഡിയോ കിരണ്‍ ബേദി തന്നെ, തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടുമക്കളുമായി ടൂവീലറില്‍ യാത്ര ചെയ്യുകയായിരുന്ന ദമ്പതികളെ കൈ കാണിച്ചു നിര്‍ത്തി, ''നിങ്ങള്‍ നാലുപേരും താഴെ വീഴും'' എന്ന് ബേദി ആ യുവാവിനോടായി പറയുന്നുണ്ട്. ഹെല്‍മെറ്റില്ലാതെ വരുന്ന ഓരോരുത്തരെയും ബേദി കൈകാണിച്ച് നിര്‍ത്തുന്നുണ്ട്. ഓരോരുത്തരോടും വ്യക്തിപരമായി വേണം സംസാരിക്കാനെന്ന് ട്രാഫിക് പോലീസിനോട് അവര്‍ നിര്‍ദേശിക്കുന്നുമുണ്ട്.

''നിങ്ങളുടെ ഹെല്‍മെറ്റ് എവിടെ'' എന്ന് തെരുവില്‍ നിന്ന് കിരണ്‍ ബേദി തന്നെ കടന്നുപോകുന്ന ഓരോ ഇരുചക്രയാത്രികനോടും ഉറക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. രണ്ട് സ്ത്രീകളെ പുറകിലിരുത്തി വന്ന ഒരു ബൈക്ക് നിര്‍ത്തിച്ച് ആ സ്ത്രീകളെ ബൈക്കില്‍ നിന്ന് ഇറക്കിവിടാന്‍ പൊലീസുകാരന് നിര്‍ദേശം കൊടുത്തു. അമിത യാത്രികരുമായി വന്ന ഓട്ടോറിക്ഷ നിര്‍ത്തി, ഒരു യാത്രക്കാരനെ ഇറക്കിവിട്ടാല്‍ മാത്രമേ യാത്ര തുടരാന്‍ അനുവദിക്കൂ എന്ന് അവര്‍ പറയുന്നുണ്ട്. ഇന്ന് ബോധവത്കരിച്ച മുഴുവന്‍ ഇരുചക്ര യാത്രികരും ട്രാഫിക് നിയമങ്ങള്‍ പിന്തുടരുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്ന് അവര്‍ പൊലീസുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.