LiveTV

Live

National

മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

കരാര്‍ ഒപ്പിടുന്നതിന് മുമ്പ് എയര്‍ബസ് എക്സിക്യൂട്ടീവ് അനില്‍ അംബാനിയുമായി നടത്തിയ ഇമെയില്‍ രാഹുല്‍ പുറത്തുവിട്ടു

മോദി ദേശീയ താല്‍പര്യം മറന്ന് ചാരനെ പോലെ പ്രവര്‍ത്തിച്ചു; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ പ്രധാനമന്ത്രി അംബാനിക്ക് ചോര്‍ത്തി നല്‍കിയതിന്‍റെ തെളിവ് രാഹുല്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി അനില്‍ അംബാനിയുടെ ഇടനിലക്കാരനും ചാരനുമായി പ്രവര്‍ത്തിച്ചെന്ന് രാഹുല്‍ പറഞ്ഞു.

ഹെലികോപ്ടര്‍ നിര്‍മ്മാതാക്കളായ എയര്‍ബസ് ഉദ്യോഗസ്ഥരുടെ ഇ മെയിലാണ് രാഹുല്‍ പുറത്തുവിട്ടത്. റിലയന്‍സ് ഡിഫന്‍സ് മേധാവി അനില്‍ അംബാനിയും ഫ്രാന്‍സ് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങളാണ് മെയിലിലുള്ളത്. റഫാലില്‍ പ്രധാനമന്ത്രി മോദിയും ഫ്രാന്‍സും തമ്മില്‍ ധാരണപത്രം ഒപ്പിടുമെന്ന് അംബാനി അറിയിച്ചതായി ഇതില്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ച് 28ലേതാണ് ഇ മെയില്‍. റഫാല്‍ കരാര്‍ ഒപ്പിടുന്നത് ആ വര്‍ഷം ഏപ്രിലിലും. പ്രതിരോധമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ വിദേശ കാര്യ സെക്രട്ടറിക്കോ അറിവില്ലാത്ത കരാര്‍ വിവരം എങ്ങനെയാണ് അനില്‍ അംബാനിക്ക് കിട്ടിയതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചോദ്യം.

റഫാല്‍ കരാര്‍ ഒപ്പിടുന്നതിന് രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധമന്ത്രിയുടെ വ്യവസായ - സാങ്കേതിക ഉപദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തിയ വിവരം ദേശീയ ദിനപത്രം പുറത്തുവിട്ടിരുന്നു. റഫാല്‍ കരാറില്‍ അനില്‍ അംബാനി ഉള്‍പ്പെട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്ന കോണ്‍ഗ്രസിന്‍റെ നേരത്തെയുള്ള ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പുതിയ തെളിവുകള്‍.