LiveTV

Live

National

പണാധിപത്യത്തിന്റെ തെരഞ്ഞെടുപ്പ് മാമാങ്കം

കഴിഞ്ഞ 3 തെരഞ്ഞെടുപ്പുകളുടെ കണക്കുകളും ഇലക്ഷന്‍ കമ്മീഷന് മുമ്പാകെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച തങ്ങളുടെ ആസ്തികളുടെ വിവരങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളാണ് നമുക്ക് ലഭിക്കുന്നത്

പണാധിപത്യത്തിന്റെ തെരഞ്ഞെടുപ്പ് മാമാങ്കം

ഇന്ത്യയിലെ ലോക്സഭാ ഇലക്ഷന്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അതിന്‍റെ വലിപ്പം മനസ്സിലാക്കാന്‍ ഒരു ഉദാഹരണം മാത്രം മതിയാവും. ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ യോഗ്യതയുള്ള ആളുകളുടെ എണ്ണം മാത്രം അമേരിക്കയുടെ ജനസംഖ്യയുടെ മൂന്നിരട്ടി വരും. 1866നടുത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ആയിരക്കണക്കിന് സ്ഥാനാര്‍ഥികള്‍ 900 ദശലക്ഷം ജനങ്ങളില്‍ നിന്ന് വോട്ട് ചോദിക്കുന്ന ഈ തെരഞ്ഞെടുപ്പ് പ്രക്രിയ പണാധിപത്യത്തിന്റെ മാമാങ്കം കൂടിയാണ്. 2004 ല്‍ ഇലക്ഷന്‍ നടത്തുന്നതിന് പൊതു ഖജനാവില്‍ നിന്ന് 1,016 കോടി രൂപയാണ് ചിലവ് വന്നതെങ്കില്‍ 2014 ല്‍ രണ്ടിരട്ടിയോളം വര്‍ധിച്ച് 3,870 കോടി രൂപയായി മാറി. പക്ഷെ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും കണക്കില്‍ വെളിപ്പെടുതിയും അല്ലാതെയുമായി ചിലവാക്കുന്ന തുക പൊതു ഖജനാവില്‍ നിന്നുണ്ടാവുന്ന ചിലവിനേക്കാള്‍ പതിന്മടങ്ങ്‌ വലുതാണ്‌. കഴിഞ്ഞ മൂന്ന് ലോക‍്സ‍ഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌, ബി.ജെ.പി തുടങ്ങിയ പ്രധാനപ്പെട്ട ദേശീയ പാര്‍ട്ടികള്‍ എത്ര തുക ചിലവഴിച്ചു? തിരഞ്ഞെടുപ്പ് ചിലവില്‍ ഓരോ തവണയും ഉണ്ടാകുന്ന വര്‍ധനവ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ സമ്പന്ന വര്‍ഗത്തിന് മാത്രം കയ്യാളാന്‍ കഴിയുന്ന വിധത്തില്‍ ആക്കി തീര്‍ത്തതായി കാണാം. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളുടെ ചിലവിന്റെ കണക്കുകളും ഇലക്ഷന്‍ കമ്മീഷന് മുന്‍പാകെ സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച തങ്ങളുടെ ആസ്തികളുടെ വിവരങ്ങളും വിശകലനം ചെയ്യുമ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

2014 ലെ തെരഞ്ഞെടുപ്പില്‍ പത്തോ അതിലധികമോ സീറ്റുകള്‍ നേടിയ പ്രധാനപ്പെട്ട പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ 2004ല്‍ നിന്ന് 2014 ല്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ചിലവില്‍ 385 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

2014 ലെ തെരഞ്ഞെടുപ്പില്‍ പത്തോ അതിലധികമോ സീറ്റുകള്‍ നേടിയ പ്രധാനപ്പെട്ട പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ 2004ല്‍ നിന്ന് 2014 ല്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ചിലവില്‍ 385 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2004 ല്‍ ബി.ജെ.പി, കോണ്‍ഗ്രസ്‌, എ.ഐ.ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്‌, ശിവസേന, ടി.ഡി.പി, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികളുടെ മൊത്തം തിരഞ്ഞെടുപ്പ് ചിലവ് 264 കോടി ആയിരുന്നുവെങ്കില്‍ 2014 ല്‍ അത് 1,280 കോടി രൂപയായി വര്‍ധിച്ചു. ബി.ജെ .പി യും കോണ്‍ഗ്രസ്സുമാണ് പഠനവിധേയാമായ കണക്കുകളില്‍ 90 ശതമാനവും ചിലവഴിച്ച പാര്‍ട്ടികള്‍. ഈ രണ്ടു പാര്‍ട്ടികളില്‍ ഭരിക്കുന്ന പാര്‍ട്ടി താരതമ്യേന കുറച്ചു ചിലവഴിക്കുമ്പോള്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച പാര്‍ട്ടി കൂടുതല്‍ തുക ചിലവഴിച്ചതായി കാണാം.

പണാധിപത്യത്തിന്റെ തെരഞ്ഞെടുപ്പ് മാമാങ്കം

2004 ല്‍ ബി.ജെ.പി ഭരണത്തിലിരുന്ന സമയത്ത് 102.65 കോടി രൂപയാണ് ചിലവാക്കിയത്. കോണ്‍ഗ്രസ് 149.61 കോടിയും. 2009ലും 2014ലും കോണ്‍ഗ്രസ്‌ ചിലവഴിച്ച തുക യഥാക്രമം 380.04 കോടി രൂപയും 486.21 കോടി രൂപയുമാണെങ്കില്‍ പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി യഥാക്രമം 448.81 കോടി രൂപയും 712.48 കോടി രൂപയും ചിലവഴിച്ചതായിട്ടാണ് ഇലക്ഷന്‍ കമീഷന് മുന്‍പാകെ സമര്‍പ്പിച്ച കണക്കില്‍ പ്രഖ്യാപിച്ചത്. ഈ ചിലവാക്കപ്പെട്ട തുകയില്‍ സിംഹഭാഗവും പ്രചാരണത്തിനു വേണ്ടി മാത്രമാണ് ചിലവാക്കിയിട്ടുള്ളത് എന്ന് കാണാം. പ്രിന്റ്‌ -ഇലക്ട്രോണിക്ക് മീഡിയ പ്രചാരണം, ബള്‍ക്ക് എസ്.എം.എസ്, വെബ്സൈറ്റ് മുതല്‍ പോസ്റ്റര്‍, ബാനര്‍, കൊടി തോരണങ്ങള്‍, പൊതു യോഗങ്ങള്‍, റാലികള്‍ ഉള്‍പ്പെടെയുള്ളവയെ പ്രചാരണം എന്ന വകുപ്പിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 2014 ല്‍ ബി.ജെ.പി ചിലവഴിച്ച 712.47 കോടി രൂപയില്‍ 463 കോടി രൂപ പ്രചാരണത്തിന് വേണ്ടി മാത്രമായിരുന്നു. ഇതിലെ 84 % തുക (അതായത് 389 കോടി രൂപ ) ബി.ജെ.പി കേന്ദ്ര കമ്മിറ്റി നല്‍കിയപ്പോള്‍ സംസ്ഥാന – ജില്ലാ തലങ്ങളാണ് ബാക്കി തുക കണ്ടെത്തിയത്. അതേ സമയം കോണ്‍ഗ്രസാകട്ടെ തങ്ങളുടെ മൊത്തം ചിലവിന്റെ 71 ശതമാനമായ 346.41 കോടിയും ചിലവാക്കിയത് പ്രചാരണത്തിന് വേണ്ടിയാണ് സിനിമാ താരങ്ങളും നേതാക്കളും അടക്കമുള്ളവരുടെ യാത്ര ചിലവാണ്‌ പാര്‍ട്ടികളുടെ ചിലവിനത്തില്‍.രണ്ടാം സ്ഥാനത്തുള്ളത്. ബി.ജെ.പിയും കോണ്‍ഗ്രസും യഥാക്രമം 159.15 കോടി രൂപയും 129.5 കോടി രൂപയുമാണ്‌ ഹെലികോപ്റ്റര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് വേണ്ടി ചിലവിട്ടത്. 2014 ല്‍ നരേന്ദ്ര മോദിയുടെ യാത്രാ ചിലവിനത്തില്‍ മാത്രം 24 കോടിയോളം രൂപയാണ് ബി.ജെ.പി ചിലവിട്ടത് എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2014 ല്‍ ബി.ജെ.പി ചിലവഴിച്ച 712.47 കോടി രൂപയില്‍ 463 കോടി രൂപ പ്രചാരണത്തിന് വേണ്ടി മാത്രമായിരുന്നു. ഇതിലെ 84 % തുക (അതായത് 389 കോടി രൂപ ) ബി.ജെ.പി കേന്ദ്ര കമ്മിറ്റി നല്‍കിയപ്പോള്‍ സംസ്ഥാന – ജില്ലാ തലങ്ങളാണ് ബാക്കി തുക കണ്ടെത്തിയത്.

2014 ലെ പതിനാറാമത് ലോക്സഭാ ഇലക്ഷനായിരുന്നു ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് ചിലവിന് വേണ്ടി വന്ന തുക എവിടെ നിന്ന് കിട്ടി എന്ന കണക്ക് പാര്‍ട്ടികള്‍ ബോധിപ്പിക്കേണ്ടതുണ്ട്. 2014 മാര്‍ച്ച് 3 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ മേയ് 16 ന് ഇലക്ഷന്‍ അവസാനിക്കും വരെ ബി.ജെ.പി പണമായി 227.32 കോടിയും ചെക്ക് –ഡ്രാഫ്റ്റ്‌ ആയി 360.81 കോടിയുമായി മൊത്തം 588 കോടി രൂപയാണ് പലയിടങ്ങളില്‍ നിന്നായി സ്വരൂപിച്ചത്. കോണ്‍ഗ്രസാകട്ടെ കാശിനത്തില്‍ 109.07 കോടിയും ചെക്ക് –ഡ്രാഫ്റ്റ് ആയി 241.05 കോടിയുമായി മൊത്തം 350 കോടി ശേഖരിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2004 ല്‍ രാജ്യത്തിലെ പ്രമുഖ എട്ടു പാര്‍ട്ടികള്‍ക്ക് കൂടി 242 കോടി രൂപയാണ് സംഭാവന ലഭിച്ചതെങ്കില്‍ 2014 ആയപ്പോഴേക്കും 328 % വര്‍ധിച്ച് 1,037 കോടി രൂപയോളമാണ് സംഭാവനതുകയായി കിട്ടിയത്. പക്ഷെ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥത്തില്‍ 35000 കോടിയോളം രൂപയോളം ചിലവഴിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് (സി.എം.എസ്) എന്ന ഗവേഷണ സ്ഥാപനത്തിന്റെ പഠനം വെളിപ്പെടുത്തുന്നത്. ഏകദേശം 7000-8000 കോടി രൂപയാണ് ഔദ്യോഗികമായി കണക്കാക്കിയ ചിലവെങ്കിലും ബാക്കി 27000 കോടി രൂപ കണക്കില്‍ പെടാത്തതാണ് എന്നും പഠനം പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥയായി പരിണമിക്കും വിധം ഈ കാശ് ഹവാല ഡീലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടികളില്‍ മധ്യവര്‍ത്തികളായി നിലകൊള്ളുന്ന പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി താഴെ തട്ടിലെത്തിക്കുന്നതാണ് രീതി. 2014 തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി ചിലവാക്കിയ തുക കേന്ദ്ര സാര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം, കുടുംബ ക്ഷേമം എന്നിവക്ക് വേണ്ടി ബജറ്റില്‍ മാറ്റി വെച്ച തുകയോളം തന്നെ വരും. 2019 ലെ ലോക്സഭാ ഇലക്ഷനില്‍ ചിലവ് 50,000 കോടി മുതല്‍ 60,000 കോടി വരെ ആയേക്കാം എന്നും സി.എം.എസ് പഠനം വ്യക്തമാക്കുന്നുണ്ട്. കണക്കില്‍ പെടാത്ത മേല്‍പ്പറഞ്ഞ കോടിക്കണക്കിന് രൂപയാണ് സ്വാതന്ത്ര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പിലെ വെല്ലുവിളികളില്‍ പ്രധാനം.