LiveTV

Live

National

ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ തീപിടിത്തം; മൂന്ന് മലയാളിയടക്കം 17 മരണം

തീപിടിത്തത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു

ഡല്‍ഹിയിലെ സ്വകാര്യ ഹോട്ടലില്‍ തീപിടിത്തം; മൂന്ന് മലയാളിയടക്കം 17 മരണം

ഡല്‍ഹി കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് മലയാളികളടക്കം 17 പേര്‍ മരിച്ചു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പതിമൂന്ന് അംഗ സംഘത്തില്‍പെട്ട എറണാകുളം ചേരാനെല്ലൂര്‍ സ്വദേശികളാണ് മരിച്ച മലയാളികള്‍. അറുപത് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പുല‌ര്‍ച്ച നാലു മണിയോടെയാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായത്. ആദ്യ നിലയിലെ 104ആം നമ്പര്‍ മുറിയില്‍ നിന്ന് തീ മറ്റ് നിലകളിലേക്ക് പടരുകയായിരുന്നു. ഗാസിയാബാദിലെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയ മലയാളികള്‍ രണ്ടാം നിലയിലാണ് താമസിച്ചിരുന്നത്. 5:30ന് ഹരിദ്വാറിലേക്ക് പോകാനുള്ളതിനാല്‍ പുലര്‍ച്ചെ പലരും എഴുന്നേ‌റ്റിരുന്നു. തീ പിടിത്തം ഉണ്ടായപ്പോള്‍ ഇപ്പോള്‍ മരിച്ചവര്‍ രക്ഷപ്പെടാനായി മുകളിലെ നിലയിലേക്ക് പോകാന്‍ ശ്രമിച്ചതായാണ് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ പറയുന്നത്.

ചേരാനെല്ലൂര്‍ സ്വദേശികളായ ജയശ്രീ, വിദ്യാസാഗര്‍, നളിനിയമ്മ എന്നിവരാണ് മരിച്ചത്. മലയാളികളില്‍ ചിലര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും ഗുരുതരമല്ല. ആശുപത്രികളിലുള്ള മൃതദേഹങ്ങളുടെ പരിശോധനയും അന്വേഷണവും നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

തീപിടിച്ചപ്പോള്‍ അഞ്ചാം നിലയില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നാണ് ഒരു അമ്മയും കുട്ടിയും മരിച്ചത്. ഹോട്ടലിലെ 35 മുറികളില്‍ ആളുകള്‍ താമസിച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനായുള്ള സൌകര്യമൊരുക്കുമെന്ന് അപകടം സ്ഥലം സന്ദര്‍ശിച്ച എം.പിമാരായ എം.കെ രാഘവന്‍, ആന്‍റോ ആന്‍റണി എന്നിവര്‍ അറിയിച്ചു.