LiveTV

Live

National

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ രേഖകൾ പുറത്ത്

കരാര്‍ നടപ്പാക്കാന്‍ പ്രത്യേക അക്കൗണ്ട് വേണമെന്ന ധനമന്ത്രാലയത്തിന്‍റെ നിര്‍ദേശം പോലും പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഒഴിവാക്കി.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി ഇടപെട്ട് ഇളവുകള്‍ നല്‍കിയതിന് കൂടുതല്‍ രേഖകൾ പുറത്ത്

റഫാല്‍ ഇടപാടില്‍ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഹനിച്ചതിന് പുതിയ തെളിവുകള്‍ പുറത്ത്. ഫ്രഞ്ച് കമ്പനികള്‍ക്ക് വഴിവിട്ട ഇളവുകള്‍ അനുവദിച്ചത് പ്രധാനമന്ത്രി ഇടപെട്ടാണെന്ന് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അഴിമതിയും അവിഹിത സ്വാധീനവും തടയുന്ന വ്യവസ്ഥകള്‍ കരാറില്‍ നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. കരാറനുസരിച്ചുള്ള പണമിടപാടുകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ മുഖാന്തരം മാത്രമാക്കണമെന്ന ശിപാര്‍ശ പ്രധാനമന്ത്രി ഇടപെട്ട് തള്ളിയെന്നും തെളിയിക്കുന്നതാണ് രേഖകള്‍.

പ്രതിരോധ ഇടപാടുകളിലെ അഴിമതി തടയുന്നതിന് കൊണ്ടുവന്ന 2013 ലെ ഡിഫന്‍സ് പര്‍ച്ചേസ് പോളിസിയിലെ സുപ്രധാന നിബന്ധനകളാണ് കരാറില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഇടനിലക്കാരുടെ അവിഹിത സ്വാധീനം, കോഴ തുടങ്ങിയവ ശ്രദ്ധയില്‍പെട്ടാല്‍ കമ്പനികളില്‍ നിന്ന് പിഴ ഈടാക്കാന്‍ നയം വ്യവസ്ഥ ചെയ്യുന്നു. ഇതടക്കം എട്ട് വ്യവസ്ഥകളില്‍ നിന്നാണ് ഫ്രഞ്ച് കമ്പനികളെ ഒഴിവാക്കിയത്.

റഫാല്‍ വിമാനവും ആയുധങ്ങളും വിതരണം ചെയ്യുന്നത് സ്വകാര്യമേഖലയിലെ ദസോ, M.B.D.A ഫ്രാന്‍സ് എന്നീ കമ്പനികളാണ്. ഇവരുമായുള്ള പണമിടപാടുകള്‍ ഫ്രഞ്ച് സര്‍ക്കാര്‍ മുഖാന്തരമാകണമെന്ന ശിപാര്‍ശ പ്രധാനമന്ത്രി തള്ളി. പോര്‍ വിമാനങ്ങളും ആയുധങ്ങളും സമയബന്ധിതമായി കൈമാറുന്നുവെന്ന് ഉറപ്പാക്കാന്‍ ഫ്രഞ്ച് സര്‍ക്കാറിന്‍റെ ഗ്യാരണ്ടി വേണമെന്ന നിബന്ധന നേരത്തെ പ്രധാനമന്ത്രി ഇടപെട്ട് ഒഴിവാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ പണം കൈമാറുന്നത് ഫ്രഞ്ച് സര്‍ക്കാറിന്‍റെ പ്രത്യേക ബാങ്ക് അക്കൌണ്ട് വഴിയാകണമെന്ന് ധനമന്ത്രാലയം ശിപാര്‍ശ ചെയ്തത്. ഇന്ത്യയുമായുള്ള കരാറില്‍ ഫ്രഞ്ച് സര്‍ക്കാരിന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കുന്നതും ഇന്ത്യക്ക് ഉറപ്പും സുരക്ഷിതത്വവും നല്‍കുന്നതായിരുന്നു ഈ ശിപാര്‍ശ. എന്നാല്‍ പ്രധാനമന്ത്രി അധ്യക്ഷനായ കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി ഈ ശിപാര്‍ശയും മറ്റ് എട്ട് വ്യവസ്ഥകളും ഒഴിവാക്കിയുള്ള കരാറിന് 2016 ആഗസ്റ്റില്‍ അന്തിമരൂപം നല്‍കി. സെപ്റ്റംബറില്‍ ചേര്‍ന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അധ്യക്ഷനായ ഡിഫന്‍സ് അക്വസിഷന്‍ കൌണ്‍സില്‍ ഈ കരാറിന് അംഗീകാരം നല്‍കുകയും ചെയ്തു. കൌണ്‍സിലിലെ മൂന്ന് അംഗങ്ങള്‍ ഇതിനോട് വിയോജിച്ചതായി ദ ഹിന്ദു ദിനപ്പത്രം വെളിപ്പെടുത്തുന്നു. പ്രധാനന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചകള്‍ ഇന്ത്യന്‍ താല്‍പര്യങ്ങളെ ഹനിക്കുന്നതാണെന്ന പ്രതിരോധ സെക്രട്ടറിയുടെ കുറിപ്പ് പുറത്തുവന്നതിന് പിറകെയാണ് കരാറില്‍ കൂടുതല്‍ വിട്ടുവീഴ്ച ചെയ്തുവെന്ന റിപ്പോര്‍ട്ട്.