LiveTV

Live

National

ശബ്ദരേഖ വിവാദം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി  

സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമസഭാസമിതി അന്വേഷിക്കണമെന്നും ബി.ജെ.പി

ശബ്ദരേഖ വിവാദം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി  

കർണാടകയിലെ ശബ്ദരേഖ വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സ്പീക്കർ രമേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. എന്നാൽ സർക്കാർ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമസഭാസമിതി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. യെദ്യൂരപ്പ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവം പ്രതിപക്ഷം പാര്‍ലമെന്റിലും ഉന്നയിച്ചു.

Also read: എം.എല്‍.എമാരെ വിലക്കെടുക്കാനുള്ള യെദിയൂരപ്പയുടെ നീക്കം: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

ബി.ജെ.പിയ്ക്കെതിരെ കോൺഗ്രസ് നൽകിയ അവകാശ ലംഘന നോട്ടീസ് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്ത ഘട്ടത്തിലാണ്, തന്റെ പേര് കൂടി പരാമർശിക്കപ്പെട്ട വിഷയം അന്വേഷിക്കണമെന്ന് സ്പീക്കർ നിർദേശിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയോഗിക്കുമെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. എന്നാല്‍ സർക്കാർ അന്വേഷണത്തെ വിശ്വാസമില്ലെന്നും നിയമസഭാ സമിതി അന്വേഷിക്കണമെന്നും ഇതിന് സ്പീക്കർ നേരിട്ട് നിർദ്ദേശം നൽകണമെന്നും ബി.ജെ.പി ആവശ്യപ്പട്ടു. ബി.ജെ.പിയുടെ ആവശ്യം സ്പീക്കര്‍ തള്ളി.

ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യദ്യൂരപ്പ, ജെ.ഡി.എസ് എം.എൽ.എ നാഗന ഗൗഡയ്ക്ക് പണവും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. ശബ്ദം തന്റേതു തന്നെ ആണെന്ന് യദ്യൂരപ്പ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം സ്പീക്കർ ബി.ജെ.പിയുടെ ആളാണെന്നും അദ്ദേഹത്തിനും പണം നൽകിയിട്ടുണ്ടെന്നും പറയുന്ന ശബ്ദരേഖയും പുറത്തു വന്നു.

കോഴ വാഗ്ദാനം പാര്‍ലമെന്‍റിലും ചര്‍ച്ചയായി. ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചു. 12 മണിക്ക് പുനരാരംഭിച്ച ലോക്സഭയില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വിഷയം ഉന്നയിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

കോൺഗ്രസിനൊപ്പം നിൽക്കാത്ത എം.എൽ.എമാരായ രമേഷ് ജർക്കിഹോളി, ബി. നാഗേന്ദ്ര, കെ. മഹേഷ്‌, ഉമേഷ്‌ ജാദവ് എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യ സ്പീക്കർക്ക് കത്ത് നൽകി.