LiveTV

Live

National

എം.എല്‍.എമാരെ വിലക്കെടുക്കാനുള്ള യെദ്യൂരപ്പയുടെ നീക്കം: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.എസ് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ നിയമനടപടി ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങളുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്.

എം.എല്‍.എമാരെ വിലക്കെടുക്കാനുള്ള യെദ്യൂരപ്പയുടെ നീക്കം: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം

കര്‍ണാടക ഭരണപക്ഷ എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ നടത്തിയ നീക്കം പാര്‍ലമെന്റില്‍ ഉന്നയിച്ച് പ്രതിപക്ഷം. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശബ്ദരേഖ വിവാദം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു.

എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ കര്‍ണാടക പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എല്‍.എയുമായ ബി.എസ് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ നിയമനടപടി ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങളുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇന്ന് സഭ സമ്മേളിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് എം.പിമാര്‍ സഭക്ക് പുറത്ത് പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചിരുന്നു.

സഭ തുടങ്ങിയത് മുതല്‍ ഇരുസഭകളിലും പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ഇരുസഭകളും ഇടക്ക് തടസ്സപ്പെടുകയും ചെയ്തു. 12 മണിക്ക് പുനരാരംഭിച്ച ലോക്സഭയില്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എം.പിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിഷയം ഉന്നയിച്ചു.

അതിനിടെ യെദ്യൂരപ്പ രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവും കര്‍ണാടക കോണ്‍ഗ്രസ് കക്ഷി നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. യെദ്യൂരപ്പക്കെതിരെ ഇതിനകം നിയമനടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇത് വരും ദിവസങ്ങളില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വലിയ തലവേദനയാകുമെന്നാണ് സൂചന.