LiveTV

Live

National

കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി;  ഭാരത് രത്ന നിരസിച്ച് ഭൂപന്‍ ഹസാരികയുടെ കുടുംബം

കേന്ദ്ര സര്‍ക്കാറിന് തിരിച്ചടി;  ഭാരത് രത്ന നിരസിച്ച് ഭൂപന്‍ ഹസാരികയുടെ കുടുംബം

ഭൂപന്‍ ഹാസാരികക്ക് കേന്ദ്രസർക്കാർ നൽകിയ ഭാരത് രത്ന നിരസിക്കുന്നതായി കുടുംബം. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ചാണ് ഭാരത് രത്ന തിരികെ നല്‍കുന്നത്. ഭൂപന്‍ ഹസാരികയുടെ കുടുംബമാണ് ഇക്കര്യം വ്യക്തമാക്കിയത്. പൊതുതെരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ് ഈ തീരുമാനം.

1985ലെ അസം ആക്ട് പ്രകാരം, 1971ന് ശേഷം രാജ്യത്തേക്ക് കുടിയേറിയ വിദേശികളെയെല്ലാം തിരിച്ചയക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഭേദഗതി അനുസരിച്ച് അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറുന്ന ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയിൻ, പാര്‍സികള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷം രാജ്യത്ത് താമസിച്ചാല്‍ പൗരത്വം നല്‍കാൻ ശുപാര്‍ശ ചെയ്യുന്നുണ്ട്. പക്ഷേ, ഇവിടങ്ങളില്‍ നിന്നുള്ള മുസ്‍ലിംകളെ ഈ ആനുകൂല്യത്തില്‍ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. ഭേദഗതി ബിൽ പൗരൻമാരെ രണ്ടു തരക്കാരാക്കി മാറ്റുമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം, പ്രത്യേകിച്ചും വടക്കു കിഴക്കൻ മേഖലയിൽ വലിയ തരത്തിലുള്ള പ്രതിഷേധമാണുയർത്തിയത്.

പ്രമുഖ ഗായകൻ ഭൂപൻ ഹസാരികക്ക് കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് മരണാനന്തര ബഹുമതിയായി ഭാരത് രത്ന സമ്മാനിച്ചത്. സാമൂഹിക പ്രവർത്തകൻ നാനാജി ദേശ്മുഖിനും പ്രണബ്മു ഖർജിക്കുമൊപ്പമായിരുന്നു ഭൂപൻ ഹസാരികക്ക് ഭാരത് രത്ന ലഭിച്ചത്. എന്നാൽ പൗരത്വ ബില്ലിനെതിരെ അസമിലും മറ്റു വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നടന്നു വരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ബഹുമതി തിരികെ നൽകാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.