LiveTV

Live

National

ബിഹാറില്‍ തിരിച്ചടി; ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് പാര്‍ട്ടി വിടുന്നു; ഇനി കോണ്‍ഗ്രസിലേക്ക്

ബി.ജെ.പി നേതൃത്വത്തിനെതിരെ പലവട്ടം വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കീര്‍ത്തി ആസാദിനെ പാര്‍ട്ടി ഒതുക്കിയിരുന്നു. 

ബിഹാറില്‍ തിരിച്ചടി; ബി.ജെ.പി എം.പി കീര്‍ത്തി ആസാദ് പാര്‍ട്ടി വിടുന്നു; ഇനി കോണ്‍ഗ്രസിലേക്ക്

ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ബിഹാറില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി വിമത നേതാവ് കീര്‍ത്തി ആസാദ് എം.പി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 15 ന് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അടുത്തവൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ആസാദ്. മൂന്നു തവണ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബി.ജെ.പി നേതൃത്വത്തിനെതിരെ പലവട്ടം വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കീര്‍ത്തി ആസാദിനെ പാര്‍ട്ടി ഒതുക്കിയിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് ആസാദിനെ ബി.ജെ.പിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇത്തവണ ആസാദിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഈ സാഹചര്യം മുന്നില്‍കണ്ടിട്ട് കൂടിയാണ് ആസാദ് പാര്‍ട്ടി വിടുന്നത്. ദര്‍ഭംഗയില്‍ തന്നെ ആസാദ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസ് ഇദ്ദേഹത്തിന് സീറ്റ് നല്‍കുമോയെന്നത് വ്യക്തമല്ല.

അരുണ്‍ ജെയ്റ്റ്‍ലിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആസാദിനെ ബി.ജെ.പി തഴയാന്‍ തുടങ്ങിയത്. സസ്‍പെന്‍ഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെതിരെ പലവട്ടം ആസാദ് രംഗത്തെത്തിയിരുന്നു. അടുത്തിടെ മോദിക്കെതിരെ ആസാദ് ആഞ്ഞടിച്ചിരുന്നു. പാര്‍ട്ടിയുടെ പ്രകടനപത്രികയില്‍ രാമക്ഷേത്രം ഉള്‍പ്പെടുത്തുന്നതിനെതിരെയും ആസാദ് രംഗത്തുവന്നിരുന്നു. രാജ്യത്തെ കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തെ ബി.ജെ.പി അപഹസിക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചിരുന്നു.