റഫാല്‍: വകുപ്പ് സെക്രട്ടറിയുടെ ആശങ്ക അവഗണിച്ച് മനോഹര്‍ പരീക്കര്‍
റഫാല്‍ ഫയലിലെ പരീക്കറുടെ കുറിപ്പ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് പുറത്തുവിട്ടത്. ഇടപാടിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സെക്രട്ടറിയില്‍ നിന്ന് പോലും മറച്ചുവെച്ചു എന്ന് ഇതോടെ വ്യക്തമായി.

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ചര്‍ച്ച നടത്തുന്നതിലുള്ള വകുപ്പ് സെക്രട്ടറിയുടെ ആശങ്ക പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അവഗണിച്ചു. പ്രതിരോധ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയുള്ള പ്രധാനമന്ത്രിയുടെ ഇടപെടല്‍ രാജ്യതാല്പര്യങ്ങളെ ഹനിക്കുമെന്നായിരുന്നു വകുപ്പ് സെക്രട്ടറിയായിരുന്ന ജി.മോഹന്‍കുമാറിന്റെ കുറിപ്പ്.
റഫാല്‍ ഇടപാടിന് ഫ്രഞ്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ പ്രതിരോധമന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും ഇടപാടില്‍ സമാന്തര ചര്‍ച്ചകള്‍ നടത്തുന്ന വിവരം ഫ്രാന്‍സില്‍ നിന്നാണ് പ്രതിരോധ വകുപ്പ് അറിയുന്നത്. കരാറിലെ ബാങ്ക് ഗാരന്റി, ആര്ബിട്രേഷന് വ്യവസ്ഥകള്‍ എന്നിവ വ്യോമസേനയുടെയും രാഷ്ട്രത്തിന്റെയും താല്പര്യങ്ങള്ക്ക് വിരുദ്ധമായ വിധം മാറിപ്പോകാന്‍ പി.എം.ഒയുടെ ഇടപെടല്‍ കാരണമാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ആശങ്ക.
പ്രതിരോധ സെക്രട്ടറിയായിരുന്ന ജി.മോഹന്‍കുമാര്‍ ഇക്കാര്യം ഫയലില്‍ നോട്ടായി കുറിച്ചു. വകുപ്പ് സെക്രട്ടറിയുടെ കുറിപ്പ് വൈകാരിക പ്രകടനമായാണ് അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കണ്ടത്. ഇന്ത്യയുടെയും ഫ്രാന്‍സിന്റെയും പ്രധാനമന്ത്രിമാരുടെ ഓഫീസുകള്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് വിഷയം കൈകാര്യം ചെയ്യണമെന്നും മനോഹര്‍ പരീക്കര്‍ ഫയലില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ രാഷ്ട്ര താല്പര്യങ്ങളെ ഹനിക്കുമെന്ന വകുപ്പ് സെക്രട്ടറിയുടെ ആശങ്ക മനോഹര്‍ പരീക്കര്‍ പൂര്‍ണമായും തള്ളിയതിലെ താല്പര്യവും ചര്‍ച്ചയാവുകയാണ്. റഫാല്‍ ഫയലിലെ പരീക്കറുടെ കുറിപ്പ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് പുറത്തുവിട്ടത്. ഇടപാടിന്റെ വിശദാംശങ്ങള്‍ പ്രതിരോധ സെക്രട്ടറിയില്‍ നിന്ന് പോലും മറച്ചുവെച്ചു എന്ന് ഇതോടെ വ്യക്തമായി.