LiveTV

Live

National

റഫാല്‍: ബാങ്ക് ഗ്യാരന്റി ഒഴിവായത് പ്രധാനമന്ത്രി ഇടപെട്ട ശേഷം

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പും അതേക്കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണവും.

റഫാല്‍: ബാങ്ക് ഗ്യാരന്റി ഒഴിവായത് പ്രധാനമന്ത്രി ഇടപെട്ട ശേഷം

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനെ കൂടുതല്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പും അതേക്കുറിച്ചുള്ള സര്‍ക്കാര്‍ വിശദീകരണവും. ഫ്രഞ്ച് സര്‍ക്കാരിന്റെ ബാങ്ക് ഗ്യാരന്റി ഒഴിവായത് പ്രധാനമന്ത്രിയുടെ സമാന്തര ചര്‍ച്ചയ്ക്ക് ശേഷമാണെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. സുപ്രീം കോടതിയില്‍ റഫാലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ ഇത് നിര്‍ണായകമാവും.

വിമാന ഇടപാടിനായി ചര്‍ച്ച നടത്തിവന്ന ഇന്ത്യന്‍ സംഘത്തിന്റെ പ്രധാന ആവശ്യമായിരുന്നു കരാറിന് ഫ്രഞ്ച് സര്‍ക്കാരിന്റെ ബാങ്ക് ഗ്യാരന്റി വേണമെന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമാണ് ഫ്രഞ്ച് സംഘം നിലപാട് മാറ്റിയത്. ബാങ്ക് ഗാരന്റി ആവശ്യമില്ലെന്ന് പ്രധാനമന്ത്രി മോദി ഉറപ്പു നല്‍കിയതായി ഫ്രഞ്ച് സംഘം ഇന്ത്യയെ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍ എയര്‍ മാര്‍ഷല്‍ എസ്.ബി സിന്‍ഹ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഏഴ് പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിലെ മൂന്ന് പേര്‍ ബാങ്ക് ഗ്യാരന്റി ഒഴിവായതില്‍ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്നലെ പുറത്തുവന്ന വിവാദ കുറിപ്പിന് താഴെ ഇന്ത്യന്‍ സംഘത്തിലെ ഒരു അംഗം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.

ബാങ്ക് ഗാരന്റി ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി ഇന്ത്യന്‍ സംഘത്തെ ഇരുട്ടില്‍ നിര്‍ത്തുകയായിരുന്നു എന്ന് വ്യക്തം. എന്നാല്‍ പൂര്‍ണമായും നടപടിക്രമങ്ങള്‍ പാലിച്ചാണ് കരാറിലെത്തിച്ചേര്‍ന്നതെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് ഹാജരാക്കിയിരുന്നെങ്കില്‍ കോടതി വിധി മറിച്ചായേനെ എന്നാണ് പ്രതിപക്ഷ നിലപാട്. ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചെന്ന ആക്ഷേപവും നിലനില്‍ക്കുന്നു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനപരിശോധന ഹരജി പരിഗണിക്കുമ്പോള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് ആയുധമാക്കാനാണ് ഹരജിക്കാരുടെ നീക്കം.