റഫാല്‍ വിവാദത്തില്‍ മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്
പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം

റഫാല്‍ വിവാദത്തില്‍ മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രംഗത്ത്. പ്രതിരോധ സെക്രട്ടറിയുടെ വിയോജനക്കുറിപ്പില്‍ അന്നത്തെ മന്ത്രി മനോഹര്‍ പരീക്കറുടെ മറുപടി മറച്ചുവെച്ചതില്‍ നിക്ഷിപ്ത താത്പര്യമെന്ന് നിര്‍മല സീതാരാമന് വിമര്‍ശിച്ചു. അതേസമയം റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവന്നതോടെ പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും ബഹളം വെച്ചു.

റഫാല്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധം ഇരുസഭകളെയും ഇന്ന് പ്രക്ഷുബ്ധമാക്കി. ബഹളത്തെത്തുടര്‍ന്ന് രാജ്യസഭ പത്ത് മിനുട്ടിന് ശേഷം ഇന്നത്തേക്ക് പിരിഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതിനെത്തുടര്‍ന്ന് ലോക്സഭ ഇടക്കിടെ തടസപ്പെട്ടു.
എന്നാല്‍ പുറത്ത് വന്ന നോട്ടില്‍ അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ മറുപടി മറച്ചുവെച്ചത് നിക്ഷിപ്ത താത്പര്യമാണെന്ന പ്രതികരണവുമായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് രംഗത്തെത്തി. ഉദ്യോഗസ്ഥന്റെ അമിത ആശങ്കയാണിതെന്നായിരുന്നു മനോഹര്‍ പരീക്കറുടെ മറുപടി. പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്. വിഷയം പ്രധാനമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായി ചര്‍ച്ച ചെയ്യണമെന്നും മനോഹര്‍ പരീക്കര്‍ മറുകുറിപ്പില് നിര്‍ദേശിച്ചു. മന്ത്രിയുടെ മറുകുറിപ്പ് പുറത്തുവിട്ടെങ്കിലും റഫാലില്‍ പ്രധാനമന്ത്രി സമാന്തരമായി ഇടപെടാന്‍ ശ്രമിച്ചുവെന്ന ആരോപണം സര്‍ക്കാറിന് നിഷേധിക്കാനായില്ല.