LiveTV

Live

National

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മുഖ്യ ചര്‍ച്ചയാകും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ പി.ബിയില്‍ ചര്‍ച്ചയാകും

സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി; തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മുഖ്യ ചര്‍ച്ചയാകും

സി.പി.എം പോളിറ്റ്ബ്യൂറോ യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി. രണ്ട് ദിവസം ചേരുന്ന പി.ബി യോഗത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ ചര്‍ച്ചയാകും. വിവിധ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകളുടെ പുരോഗതിയും പി.ബിയില്‍ അവതരിപ്പിക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ധാരണയില്‍ പി.ബിയുടെ തീരുമാനം നിര്‍ണ്ണായകമാകും.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായി ശക്തമായ പ്രതിപക്ഷമായി തിരിച്ചുവരാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. അതിനായി കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമില്ലെങ്കിലും ധാരണയുണ്ടാക്കി മത്സരിക്കണമെന്നാണ് സംസ്ഥാന ഘടകത്തിന്‍റെ ആവശ്യം.

ശക്തിയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാതെ പരസ്പരം സഹായിക്കുന്നത് വഴി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അപ്രസക്തമാക്കി സീറ്റ് വര്‍ധിപ്പിക്കാമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. കഴിഞ്ഞ ദിവസം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി ഇക്കാര്യം സംബന്ധിച്ച് പാര്‍ലമെന്‍റില്‍ വെച്ച് ചര്‍ച്ച നടത്തിയതായാണ് സൂചന.

ഇന്നും നാളെയുമായി ചേരുന്ന പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഓരോ സംസ്ഥാനഘടകത്തിന്‍റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചര്‍ച്ചകളുണ്ടാകും. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിനുള്ളില്‍ നിന്നുകൊണ്ട് ഓരോ സംസ്ഥാനത്തും അടവുനയങ്ങള്‍ രൂപികരിക്കാനുള്ള സ്വാതന്ത്രം ലഭിക്കും. ഇതിലാണ് ബംഗാള്‍ ഘടകം പ്രതീക്ഷ വെക്കുന്നത്.

മുന്‍ കേന്ദ്രകമ്മിറ്റി യോഗത്തിലെടുത്ത തീരുമാനമനുസരിച്ച് തമിഴ്നാട്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരു മുന്നണിയില്‍ വരുന്നതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയിരുന്നു. മാര്‍ച്ച് ആദ്യം വാരം നടക്കുന്ന കേന്ദ്രകമ്മിറ്റിയോഗത്തിലെ അജണ്ട സംബന്ധിച്ചും ഈ പി.ബിയില്‍ തീരുമാനമെടുക്കും.